വോട്ടർ പട്ടികയിൽ ഏപ്രിൽ നാലു വരെ പേര് ചേർക്കാം എന്നത് വ്യാജം; തീയതി അവസാനിച്ചെന്ന് കളക്ടർ

കല്‍പ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം എന്ന തരത്തില്‍ വാട്ട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. മാര്‍ച്ച്‌ 25 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും കലക്ടര്‍ അറിയിച്ചു. അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്.

ഓരോ നിയോജക മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും സീരിയല്‍ നമ്ബറുള്ള പട്ടിക അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി. ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 875 ബാലറ്റ് യൂണിറ്റുകളും 744 കണ്‍ട്രോള്‍ യൂണിറ്റുകളും 787 വിവിപാറ്റ് മെഷീനുകളുമാണുള്ളത്. ഇതില്‍നിന്ന് റാന്‍ഡമൈസേഷന്‍ നടത്തി നിയോജകമണ്ഡലങ്ങളിലെ എആര്‍ഒമാര്‍ക്ക് കൈമാറുന്ന മെഷീനുകളുടെ എണ്ണം (മണ്ഡലം, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് മെഷീനുകളുടെ എണ്ണം എന്നീ ക്രമത്തില്‍) മാനന്തവാടി-223, 223, 233, സുല്‍ത്താന്‍ബത്തേരി-278, 278, 291, കല്പറ്റ- 241, 241, 252 എന്നിങ്ങനെയാണ്. നിയോജകമണ്ഡലങ്ങളിലെ മെഷീനുകള്‍ 30ന് അതത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.

Hot Topics

Related Articles