ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ദിനത്തിൽ (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയിൽ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും ആഘോഷമാണെന്നതിനാൽ മാവേലിക്കര താലൂക്കിനും അവധി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും കലക്ടർക്ക് കത്തയച്ചു. ജില്ലയിൽ മറ്റ് താലൂക്കുകൾക്ക് അവധി നൽകിയിട്ടും മാവേലിക്കരയെ മാത്രം ഒഴിവാക്കിയ നടപടി അന്യായമാണെന്ന് എംപി ചൂണ്ടിക്കാട്ടി. അവധി അനുവദിച്ച പ്രദേശങ്ങളുടെ പട്ടികയിൽ മാവേലിക്കര താലൂക്കിനെയും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മുത്താര രാജും കലക്ടർക്കെതിരെ പരാതി നൽകി.കലക്ടറുടെ ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധക്കാർ നിരന്തരം പ്രതികരണവുമായി എത്തുകയാണ്. ‘മാവേലിക്കരക്കാർക്കും വള്ളംകളി കാണാൻ പോകണ്ടേ?’, അങ്ങനെയെങ്കിൽ”ഞങ്ങളെ പത്തനംതിട്ടയിൽ ലയിപ്പിച്ചേരെ” എന്നിങ്ങനെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയരുകയാണ്.
ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നീ താലൂക്കുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ മാവേലിക്കരക്കാരെ മാത്രം ഒഴിവാക്കിയ നടപടി പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുകയാണ്.