കോഴിക്കോട് : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരായ നിയമ നടപടിയെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വം വെട്ടില്‍. തുടക്കം മുതല്‍ ഷാജൻ സ്കറിയക്കൊപ്പം ഉറച്ചുനിന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കനത്ത തിരിച്ചടിയേകി മുതിര്‍ന്ന നേതാവ് കെ മുരളീധരൻ തന്നെ രംഗത്തെത്തി. വിഷയത്തില്‍ മുസ്ലിം ലീഗ് നേരത്തെ കോണ്‍ഗ്രസ് നിലപാട് തള്ളിയിരുന്നു. വര്‍ഗീയതയും മുസ്ലിം വിദ്വേഷവും പ്രചരിപ്പിക്കുന്ന ചാനലിനെ പിന്തുണയ്ക്കുന്ന നേതൃത്വത്തിന്റെ നിലപാടില്‍ കോണ്‍ഗ്രസില്‍ തന്നെ അതൃപ്തി ശക്തമാണ്. ഇതാണ് മുരളീധരനിലൂടെ പുറത്തുവന്നത്.
മറുനാടൻ മലയാളിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. വി ഡി സതീശനും ഇതേ നിലപാടുമായി രംഗത്തെത്തി. മറുനാടനെതിരായ നീക്കത്തെ മാധ്യമ വേട്ടയായി ചിത്രീകരിച്ച് 26ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷൻ മാര്‍ച്ച് നടത്താനും കെപിസിസി തീരുമാനിച്ചു. ഇതിനിടയിലാണ് മുരളീധരന്റെ അപ്രതീക്ഷത അടി. ഇതോടെ സമരപരിപാടി ഉപേക്ഷിക്കേണ്ട ഗതികേടിലായി കോണ്‍ഗ്രസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുനാടന്റെത് മാധ്യമ പ്രവര്‍ത്തനമായി കാണാനാകില്ലെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ വളരെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് മറുനാടൻ ബോധപൂവം വാര്‍ത്ത നല്കിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതെല്ലാം മറന്നാണ് ചിലരുടെ മറുനാടൻ പ്രേമമെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു മുരളീധരൻ.സമൂഹത്തില്‍ മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്തുന്നതാണ് അതിലെ വീഡിയോകള്‍. ചാനലിനെതിരെ ലീഗ് നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നുവെന്നാണ് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞത്.
ഷാജൻ സ്കറിയയുടേത് മാധ്യമപ്രവര്‍ത്തനമല്ല എന്ന് കെ മുരളീധരൻ പറഞ്ഞു. ഷാജൻ സ്കറിയക്കെതിരായ നിയമനടപടിയില്‍ തെറ്റില്ല ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമായി കാണുന്നില്ല. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കളെയും വളരെ മോശമായി ചിത്രീകരിച്ച ആളാണ് ഷാജൻ.
വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ രീതി സംഘിയുടെ സംഭാഷണമായാണ് തോന്നിയത്. പി വി ശ്രീനിജൻ എംഎല്‍എയുടെ ജാതിയെ അധിക്ഷേപിച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
കേസില്‍ മെറിറ്റ് ഉള്ളതുകൊണ്ടാണ് മുൻകൂര്‍ ജാമ്യം തള്ളിയത്. അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.