പാറ്റ്ന: ബീഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. ബോധ് ഗയയിലെ നിദാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയതായി രാഹുൽ ഗാന്ധി ആരോപിച്ചു.സോഷ്യൽ മീഡിയയായ എക്സിൽ (X) നടത്തിയ പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണം ഉയർത്തിയത്. ഗ്രാമത്തിൽ വീടുകൾക്ക് നമ്പർ നൽകിയിട്ടില്ലാത്തതിനാൽ സാങ്കൽപ്പികമായി വീട്ടു നമ്പർ രേഖപ്പെടുത്തിയതാണെന്നാണ് തദ്ദേശ സ്ഥാപനവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിശദീകരിച്ചത്.
ഗ്രാമത്തിലെ മുഴുവൻ വീടുകളെയും കുടുംബങ്ങളെയും ‘വീട് നമ്പർ 6’ ആയി കൂട്ടിച്ചേർത്തുവെന്നതാണ് കോൺഗ്രസിന്റെ ആരോപണം. വീടുതോറും പരിശോധന നടത്തേണ്ട ബൂത്ത് ലെവൽ ഓഫീസർ എങ്ങനെയാണ് യഥാർത്ഥ നമ്പറുകൾ ഒഴിവാക്കിയതെന്ന് കോൺഗ്രസ് ചോദിച്ചു. വീട്ടുനമ്പർ ഇല്ലാതാക്കിയാൽ വ്യാജ വോട്ടും ഇരട്ട വോട്ടും മരിച്ചവരുടെ പേരിലുള്ള വോട്ടും കണ്ടെത്തി തടയുക പ്രയാസമാണെന്നും അവർ ചൂണ്ടിക്കാട്ടി.“ഒരു ചെറിയ ഗ്രാമത്തിലെ 947 പേരെ ഒരൊറ്റ വിലാസത്തിൽ ‘തള്ളാൻ’ കഴിയുമെങ്കിൽ, ബീഹാറിലും ഇന്ത്യയിലാകെയും എത്ര വലിയ ക്രമക്കേടുകൾ നടക്കുമെന്ന് സങ്കൽപ്പിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനാധിപത്യം മോഷ്ടിക്കപ്പെടുന്നു. നിദാനി അതിന്റെ ജീവനുള്ള തെളിവാണ്,”- ഔദ്യോകിക എക്സ് ഹാൻഡിലിലൂടെ കോൺഗ്രസ് ആരോപിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇതിൽ പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.“ഒരു ഗ്രാമം മുഴുവൻ ഒരൊറ്റ വീട്ടിൽ താമസിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ മായാജാലം കണ്ടോ?” – എന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ റീട്വീറ്റ്.
അതേസമയം, ഗയ ജില്ലാ ഭരണകൂടം ഗ്രാമവാസികളുടെ നാല് വീഡിയോകൾ പുറത്തുവിട്ടു. പല ഗ്രാമങ്ങളിലും വീട്ടുനമ്പർ അനുവദിക്കുന്ന പതിവില്ലെന്നും അതിനാൽ പ്രതീകാത്മക നമ്പർ നൽകിയതാണെന്നും അവർ വിശദീകരിച്ചു. സ്ഥിരമായ നമ്പർ ഇല്ലാത്ത പ്രദേശങ്ങളിൽ ബിഎൽഒ നേരിട്ട് സന്ദർശിച്ച് ഓരോ വീടിനും സീരിയൽ നമ്പർ നൽകാറുണ്ടെന്നും, അത് വെറും രേഖാമാത്ര ക്രമീകരണത്തിനായാണെന്നും ബീഹാർ ചീഫ് ഇലക്ടറൽ ഓഫീസ് വ്യക്തമാക്കി.