വൈക്കം: ചോറ് നൽകാതിരുന്നതിനെ തുടർന്ന് അമ്മയെ വെള്ളത്തിൽ മുക്കിക്കൊന്ന മകന് ജീവപര്യന്തം കഠിന തടവ്. വൈക്കം ഉദയനാപുരം ഭാഗത്ത് കൊച്ച്ത്തറത്താഴ്ചയിൽ വീട്ടിൽ താമസിച്ചിരുന്ന നന്ദായിനിയെ (73) കൊലപ്പെടുത്തിയ കേസിലാണ് മകനെ ശിക്ഷിച്ചത്. ചോറ് വിളമ്പി നൽക്കാത്തതിൽ പ്രകോപിതനായ ബൈജു കാനയിലെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയത്. 2022 ജനുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ചോറുണ്ണുവാനായി വീട്ടിൽ എത്തിയ ബൈജുവിന് അമ്മയായ നന്ദായിനി ചോറ് വിളമ്പി നൽകാഞ്ഞതിനെ തുടർന്നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അരുംകൊല പ്രതിനടത്തിയത്. അന്നത്തെ വൈക്കം എസ്.എച്ച്.ഒ ആയിരുന്ന കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി 2 (സ്പെഷ്യൽ) ജഡ്ജി ജെ നാസർ എസ്.സി 382/2022 എന്ന കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ട് പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി പ്രതി തടവ് അനുഭവിക്കണം. ദൃസാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതി കുറ്റക്കാരാണെന്നുകണ്ടു ശിക്ഷവിധിച്ചത്. നിസാര കാര്യത്തിന് മാതൃഹത്യ നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന അഡീഷണൽ പബ്ലിക് പ്രോസികൂട്ടർ സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.