ദോഹ: ഖത്തറില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. കൊവിഡ് 19ന്റെ ഉപ വകഭേദമായ ഇജി.5 ആണ് ഖത്തറില്‍ കണ്ടെത്തി. പുതിയ ഉപ വകഭേദത്തിന്റെ പരിമിതമായ കേസുകളുടെ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 31ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മുമ്പത്തെ വൈറസില്‍ നിന്ന് വ്യത്യസ്തമായ ഒന്നിലധികം ജനിതക വ്യതിയാനങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ വകഭേദം ഗുരുതരമാകാം.
അതേസമയം, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ലളിതമാണെന്നും ഈ ഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വിശദമാക്കി. പുതിയ കൊവിഡ് വകഭേദത്തിന്റെ പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാവരും പ്രത്യേകിച്ച് പ്രതിരോധശേഷി കുറഞ്ഞവര്‍ ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ പതിവായി വൃത്തിയാക്കുക, ആളുകള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുക എന്നിങ്ങനെ മുന്‍കരുതലുകള്‍ പിന്തുടരുവാന്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
കൊവിഡ് -19 ലക്ഷണങ്ങളുള്ള ആളുകള്‍ അണുബാധ പരിശോധനയ്ക്ക് വിധേയരാകാനും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കില്‍ ചികിത്സ തേടാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പനി 38 ഡിഗ്രി സെല്‍ഷ്യസിനോ അതില്‍ കൂടുതലോ ആവുക, വിറയല്‍, ക്ഷീണവും ശരീരവേദനയും, നെഞ്ചു വേദനയോടൊപ്പമുള്ള ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വൈദ്യപരിശോധനയും സാധ്യമായ ചികിത്സാ പ്രോട്ടോക്കോളും തേടാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഈ മാസം ആദ്യം ലോകാരോഗ്യസംഘടന ഇജി.5 എന്ന് വിളിക്കുന്ന കൊവിഡ് 19ന്റെ പുതിയ ഉപ വകഭേദം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരെ ഗള്‍ഫ് മേഖല ഉള്‍പ്പെടെ 50ലേറെ രാജ്യങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
EG.5 വകഭേദത്തിന് പുറമേ, മറ്റൊരു വകഭേദം, BA.2.86, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.