സർക്കാരിന്റെ പേരിൽ വ്യാജ സൊസൈറ്റി രൂപീകരിച്ച് ഉദ്യോഗാർത്ഥികളുടെ പക്കൽ നിന്നും അര കോടി രൂപ തട്ടിയെന്ന കേസ് ; കോട്ടയം വെസ്റ്റ് പൊലീസ് പ്രതികളെ സംരക്ഷിക്കുവാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു ; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ഹർജിക്കാർ

ന്യൂസ് ഡെസ്ക് : എൻആർഐ ആൻഡ് ഐ എന്ന പേരിൽ വ്യാജ സൊസൈറ്റി രൂപീകരിച്ച് 25 ഓളം ഉദ്യോഗാർത്ഥികളുടെ പക്കൽ നിന്നും അര കോടി രൂപ തട്ടിയെടുത്ത് കബളിപ്പിച്ച കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവത്തിൽ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കുവാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് അനുമതി ഇല്ലാതെ എൻആർഐ ആൻഡ് ആർ ഐ എന്ന പേരിൽ പ്രവർത്തിച്ചുവന്നിരുന്ന സൊസൈറ്റിയുടെ മറവിൽ സംസ്ഥാനം ഒട്ടാകെ ലക്ഷക്കണക്കിന് രൂപ നിരവധി ചെറുപ്പക്കാരുടെ കയ്യിൽ നിന്നും ഉടമകൾ തട്ടിയെടുത്തിരുന്നു. കോട്ടയം കാരാപ്പുഴ സ്വദേശി അരുൾ ശശിധരൻ, കോട്ടയം കുടയംപടി സ്വദേശി അനൂപ് കുമാർ ടി സി, ഷംസുദ്ദീൻ മരക്കാർ, മുട്ടമ്പലം സ്വദേശി ശ്രീകുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
സംസ്ഥാന സർക്കാരിന്റെ മുദ്രകൾ ഉപയോഗിച്ചും , മുഖ്യമന്ത്രി പിണറായി വിജയന്റെയും കടകംപള്ളി സുരേന്ദ്രന്റെയും ‘ ചിത്രങ്ങൾ ഉപയോഗിച്ചും ഗവൺമെന്റ് സ്ഥാപനം എന്ന പേരിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഏഴോളം പേരാണ് കോടതി മുമ്പാകെ സ്വകാര്യ അന്യായം സമർപ്പിച്ച് അന്വേഷണ ഉത്തരവ് നേടിയത്.

കോട്ടയം വെസ്റ്റ് പോലീസിനായിരുന്നു അന്വേഷണ ചുമതല, സംസ്ഥാന സർക്കാരിന്റെ പേര് ഉൾപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും വ്യാജരേഖ ചമക്കൽ ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തിട്ടും സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കാതെ ആറുമാസത്തിലധികമായി പോലീസ് ഇരുട്ടിൽ തപ്പുകയാണ്. വൻ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുള്ള കേസിൽ പോലീസ് ആദ്യഘട്ടം മുതലേ കേസെടുക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരാതിക്കാർ കോടതിയിൽ നേരിട്ട് ഹർജി സമർപ്പിച്ചത്.പരാതിയുമായി മുമ്പോട്ട് വന്ന ചെറുപ്പക്കാരെ നിരുത്സാഹപ്പെടുത്തുകയും കേസിൽ നീതി കിട്ടില്ല എന്ന് പറഞ്ഞു മടക്കി അയക്കുകയുമായിരുന്നു ആദ്യം പോലീസ് ചെയ്തത്. നാളുകൾ കഴിഞ്ഞിട്ടും അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കാതെ വൈകിപ്പിക്കുകയാണ്. പൊലീസിൻ്റെ ഈ നടപടി പ്രതികൾക്ക് രക്ഷപെടാൻ പഴുതകൾ ഒരുക്കുന്നതിന് വേണ്ടിയാണ് എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഇത്തരത്തിൽ തുടരെത്തുടരെ വരുന്ന വീഴ്ചകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേസിലെ ഹർജിക്കാർ.

Hot Topics

Related Articles