ബെംഗളൂരു ∙ ധർമ്മസ്ഥല കേസിൽ പുതിയ മുന്നേറ്റവുമായി എസ്.ഐ.ടി. അന്വേഷണം ശക്തമാക്കി. ഇതിനകം അറസ്റ്റിലായ ശുചീകരണത്തൊഴിലാളി മാണ്ഡ്യ സ്വദേശി സി.എൻ. ചിന്നയ്യയുടെ മൂത്ത സഹോദരനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചിന്നയ്യക്ക് സാമ്പത്തികവും നിയമ സഹായവും നൽകിയവരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് എസ്.ഐ.ടി. അറിയിച്ചു.
തലയോട്ടിയുമായി പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും എത്തി മൊഴി നൽകിയിരുന്ന ചിന്നയ്യയുടെ ‘നാടകീയ’ പ്രകടനം തുടക്കത്തിൽ വിശ്വാസ്യത നേടുകയുണ്ടായി. എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലുകളിൽ എവിടെ നിന്നാണ് തലയോട്ടി ലഭിച്ചതെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഇയാൾ തയ്യാറായില്ല. പലപ്പോഴും ബന്ധമില്ലാത്ത മൊഴികളാണ് ഇയാൾ നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.ഐ.ടി. തലവൻ പ്രണബ് മൊഹന്തിയുടെ ചോദ്യം ചെയ്യലിലാണ് ഒടുവിൽ ‘കുഴിച്ചെടുത്തതല്ല, മറിച്ച് ചിലർ കൈമാറിയതാണ’ എന്ന് ചിന്നയ്യ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, സംഭവത്തിന് പിന്നിൽ ക്രമബദ്ധമായ ഗൂഡാലോചന നടന്നുവെന്നാണു അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ചിന്നയ്യയുടെ സഹോദരൻ തനാസിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചിന്നയ്യയ്ക്ക് നിയമ സഹായം ഏർപ്പെടുത്തിയത് ആരെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സുപ്രീം കോടതി അഭിഭാഷകരെ അടക്കം പ്രതിരോധത്തിന് അണിനിരത്തിയതിന്റെ പശ്ചാത്തലവും പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, അനന്യ ഭട്ടിന്റെ കേസിൽ പ്രതിയായ ഗിരീഷ് മട്ടന്നവർ, ചിന്നയ്യയെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.