മധ്യപ്രദേശ്:ജീവൻ രക്ഷിക്കാനുള്ള പ്രതിജ്ഞ എടുത്ത ഡോക്ടർമാർ തന്നെയാണ് പ്രസവവേദനയിൽ മുങ്ങിക്കിടന്ന യുവതിയുടെ മുന്നിൽ കൂട്ടത്തല്ലിൽ ഏർപ്പെട്ട ഞെട്ടിക്കുന്ന സംഭവം. ബിർസ മുണ്ട ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലേബർ റൂമിലാണ് സംഭവം നടന്നത്.സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, രണ്ട് വനിതാ ഡോക്ടർമാർ മറ്റൊരു വനിതാ ഡോക്ടറെ മർദിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന പുരുഷ ഡോക്ടർ ഇടപെട്ട് തടയാൻ ശ്രമിച്ചെങ്കിലും ആക്രമണത്തിൽ ഏർപ്പെട്ട സംഘം അദ്ദേഹത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, രാത്രി ഡ്യൂട്ടി നിയമനത്തെ ചൊല്ലിയുള്ള തർക്കമാണ് ദിവസങ്ങളായി നിലനിന്നിരുന്നത്. സെപ്റ്റംബർ 11-ന് രാത്രി 9:30-ഓടെയാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടത്. ഡോക്ടർമാരായ യോഗിത ത്യാഗിയും ഷാനു അഗർവാളും ചേർന്നാണ് സഹപ്രവർത്തകയായ ഡോക്ടർ ശിവാനി ലാരിയയെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് ഡോ. ശിവാനി മെഡിക്കൽ കോളേജ് അധികാരികൾക്ക് എഴുതി നൽകിയ പരാതിയിൽ വിശദീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നാഗേന്ദ്ര സിംഗ് സംഭവം സ്ഥിരീകരിച്ചു. അന്വേഷണം നടത്താൻ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആക്രമണത്തിനിരയായതും ആരോപണവിധേയരുമായ ഡോക്ടർമാർ ഒരേ ബാച്ചിലെ എംബിബിഎസ് ഇന്റേൺസാണെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. രോഗിയുടെ ജീവൻ പണയപ്പെടുത്തി വ്യക്തിപരമായ തർക്കം തീർക്കാൻ ലേബർ റൂം തിരഞ്ഞെടുത്ത ഡോക്ടർമാർക്കെതിരെ ജനങ്ങൾ രോഷം പ്രകടിപ്പിച്ചു.ഈ സംഭവം മെഡിക്കൽ രംഗത്തെ പ്രൊഫഷണലിസത്തെയും രോഗികളുടെ സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. പൊതുജനാരോഗ്യത്തിൽ പ്രതികൂലമായ ബാധകൾ ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടി അനിവാര്യമാണെന്ന് പൊതുജനാഭിപ്രായം.