മാതൃകാ പെരുമാറ്റച്ചട്ടം കർശനമായിപാലിക്കണം: ജില്ലാ കളക്ടർ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നതായും രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടർ.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.കെ. പ്രഭാകരൻ, ജോഷി ഫിലിപ്പ്, അഡ്വ. ബിനു ബോസ്, റ്റി.എൻ. ഹരികുമാർ, സജീവ് കറുകയിൽ, രാജു ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.

Advertisements

മതപരമോ ഭാഷാപരമോ ആയ വിവിധ ജാതികളും സമൂഹങ്ങളും തമ്മിൽ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ സംഘർഷങ്ങൾ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏർപ്പെടാൻ പാടില്ല.മറ്റു രാഷ്ടീയകക്ഷികളെ വിമർശിക്കുമ്പോൾ അത് അവരുടെ നയങ്ങളിലും പരിപാടികളിലും പൂർവകാലചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കണം. മറ്റു കക്ഷി നേതാക്കളുടയും പ്രവർത്തകരുടെയും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിന്റെ സകലകാര്യങ്ങളിലും വിമർശനമുന്നയിക്കുന്നതു രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും ഒഴിവാക്കണം.സ്ഥാപിക്കപ്പെടാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങൾ രാഷ്ട്രീയപാർട്ടികൾക്കും പ്രവർത്തകർക്കും നേരെ ഉന്നയിക്കുന്നത് ഒഴിവാക്കണം. ജാതി, സാമുദായിക വികാരമുണർത്തി വോട്ടു തേടാൻ പാടില്ല. മോസ്‌കുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിക്കാൻ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂർ മുമ്പ് പരിധിക്കുള്ളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടർമാർക്ക് യാത്രാസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്നവ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ജാഗരൂഗരായിരിക്കണം.

  • വ്യക്തികളുടെ രാഷ്ട്രീയഅഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും എത്ര എതിർപ്പുണ്ടെങ്കിലും സ്വതന്ത്രമായും സമാധാനപരമായും സ്വസ്ഥമായി വീട്ടിൽ കഴിയാനുള്ള വ്യക്തികളുടെ അവകാശത്തെ മാനിക്കണം.വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുൻപിൽ പ്രതിഷേധം നടത്തുക, പ്രകടനം നടത്തുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്.കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ പരസ്യം, മുദ്രാവാക്യങ്ങൾ എന്നിവ എഴുതുന്നതിനോ വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ ഉപയോഗിക്കാൻ രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കരുത്. മറ്റ് പാർട്ടികൾ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികൾ തടസപ്പെടുത്തുകയോ അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുകയില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഉറപ്പുവരുത്തണം.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ സംസാരംകൊണ്ടോ രേഖാമൂലമോ ചോദ്യങ്ങൾ ഉന്നയിച്ചോ തങ്ങളുടെ ലഘുലേഖകൾ വിതരണം ചെയ്തോ അലോസരം സൃഷ്ടിക്കരുത് . ഒരു പാർട്ടിയുടെ യോഗങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു മറ്റൊരു പാർട്ടി ജാഥ നടത്തരുത്. ഒരു പാർട്ടിയുടെ പോസ്റ്ററുകൾ മറ്റൊരു പാർട്ടിയുടെ പ്രവർത്തകർ നീക്കം ചെയ്യരുത്.
യോഗങ്ങൾക്കും നിബന്ധനകൾ:-
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ പോലീസിന് കഴിയുന്നവിധം നേരത്തെ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർഥിയോ പ്രദേശത്തെ പൊലീസ് അധികാരികളെ അറിയിക്കണം.
യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലുണ്ടോയെന്ന് പാർട്ടിയോ സ്ഥാനാർഥിയോ മുൻകൂട്ടി അറിഞ്ഞിരിക്കണം. നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം. ഇത്തരം ഉത്തരവുകളിൽനിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ മുൻകൂട്ടി അനുമതി നേടണം.

  • യോഗത്തിൽ ഉച്ചഭാഷിണികളോ മറ്റേതെങ്കിലും സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദമോ ലൈസൻസോ ലഭിക്കണമെങ്കിൽ പാർട്ടിയോ സ്ഥാനാർഥിയോ ബന്ധപ്പെട്ട അധികാരികൾക്ക് മുൻകൂട്ടി അപേക്ഷ നൽകി അനുമതി വാങ്ങണം. ഒരു യോഗം തടസപ്പെടുത്തുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്യുന്നവരെ നേരിടേണ്ടിവരുന്ന പക്ഷം സംഘാടകർ ചുമതലയിലുള്ള പൊലീസിന്റെ സഹായം തേടണം. പ്രശ്നമുണ്ടാക്കുന്നവർക്കെതിരേ സംഘാടകർ തന്നെ നടപടിയെടുക്കരുത്.ജാഥകൾ മുൻകൂട്ടി അറിയിക്കണം.
    ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടികളും സ്ഥാനാർഥികളും ജാഥ തുടങ്ങുന്ന സമയവും സ്ഥലവും കടന്നുപോകേണ്ട വഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിക്കേണ്ടതാണ്. ആവശ്യമായ തയാറെടുപ്പുകൾ ഒരുക്കുന്നതിനായി പൊലീസ് അധികൃതരെ സംഘാടകർ പരിപാടിയെപ്പറ്റി മുൻകൂട്ടി ധരിപ്പിക്കണം. സാധാരണഗതിയിൽ ഈ പരിപാടിയിൽ മാറ്റം വരുത്താൻ പാടില്ല.

ജാഥ കടന്നുപോകുന്ന മേഖലയിൽ ഏതെങ്കിലും നിയന്ത്രണ ഉത്തരവുകൾ നിലവിലുണ്ടോ എന്ന് സംഘാടകർ അന്വേഷിച്ചറിയേണ്ടതും ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഇളവു ലഭിക്കാത്ത സാഹചര്യത്തിൽ പ്രസ്തുത നിയന്ത്രണങ്ങൾ പാലിക്കേണ്ടതുമാണ്. ഗതാഗത നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം.
ഗതാഗതത്തിന് തടസമുണ്ടാകാത്ത വിധത്തിൽ ജാഥ ക്രമീകരിക്കാൻ സംഘാടകർ ശ്രദ്ധിക്കണം. ജാഥ വളരെ നീണ്ടതാണെങ്കിൽ ഗതാഗത സ്തംഭനം ഒഴിവാക്കാൻ ജാഥ കടന്നു പോകുന്ന പോയിന്റുകളിൽ പ്രത്യേകിച്ച് ജംഗ്ഷനുകളിൽ സൗകര്യപ്രദമായ ഇടവേളകളിൽ ജാഥ അനുയോജ്യമായ നീളത്തിലുള്ള ചെറുസംഘങ്ങളായി ക്രമീകരിക്കണം. ജാഥകൾ കഴിവതും റോഡിന്റെ വലതുവശത്തുകൂടി കടന്നുപോകത്തക്കവിധം ക്രമീകരിക്കണം. ഡ്യൂട്ടിയിലുള്ള പൊലീസിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും കർശനമായി പാലിക്കണം.

രണ്ടോ അതിലധികമോ രാഷ്ട്രീയപാർട്ടികളോ സ്ഥാനാർഥികളോ ഒരേ സമയത്ത് ഒരേ വഴിയിൽ കൂടിയോ ഭാഗങ്ങളിലൂടെയോ ജാഥ നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ സംഘാടകർ മുൻകൂട്ടി പരസ്പരം ബന്ധപ്പെട്ട് ജാഥകൾ തമ്മിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കാനും ഗതാഗത തടസം സൃഷ്ടിക്കാതിരിക്കാനും മുൻകരുതലെടുക്കണം. തൃപ്തികരമായ സംവിധാനമൊരുക്കുന്നതിന് ലോക്കൽ പൊലീസിന്റെ സഹായം തേടണം. ഇക്കാര്യത്തിന് കക്ഷികൾ കഴിവതും നേരത്തേ പൊലീസുമായി ബന്ധപ്പെടണം. ജാഥാംഗങ്ങൾ ആവേശം കൂടി അഭിലഷണീയമല്ലാത്ത കാര്യങ്ങൾ ചെയ്തുകൂട്ടിയേക്കും എന്നതു കണക്കിലെടുത്ത് ദുരുപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ അവർ കൈവശം വയ്ക്കുന്നത് പാർട്ടികളും സ്ഥാനാർഥികളും നിയന്ത്രിക്കണം.
മറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെയോ അംഗങ്ങളെയോ പ്രതിനിധാനം ചെയ്യുന്ന കോലങ്ങൾ കൊണ്ടു പോകുന്നതും പൊതുസ്ഥലത്ത് അവ കത്തിക്കുന്നതും സമാനമായ മറ്റു പ്രകടനങ്ങളും രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ അനുവദിക്കരുത്.

പ്രചാരണത്തിന് ഔദ്യോഗിക പദവി
ഉപയോഗിക്കരുത്.കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരത്തിലിരിക്കുന്ന പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക പദവി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾക്ക് ഇടനൽകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
മന്ത്രിമാർ ഔദ്യോഗിക യാത്രകൾ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്താനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനമോ ജീവനക്കാരെയോ ഉപയോഗിക്കാനോ പാടില്ല. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ താൽപര്യാർത്ഥം സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
പൊതുസമ്മേളനത്തിന് ഉപയോഗിക്കുന്ന മൈതാനങ്ങൾപോലുള്ള പൊതുസ്ഥലങ്ങളും മൈതാനങ്ങളും ഹെലിപാഡുകളും ഭരണകക്ഷിയുടെ മാത്രം ഉപയോഗത്തിനായി കൈയടക്കിവയ്ക്കാൻ പാടില്ല. മേൽപറഞ്ഞ സ്ഥലങ്ങൾ ഭരണകക്ഷികൾക്കു ലഭ്യമായ അതേ വ്യവസ്ഥയിൽ തന്നെ മറ്റു കക്ഷികൾക്കും ലഭിക്കേണ്ടതാണ്.

  • റസ്റ്റ് ഹൗസുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയവ ഉപയോഗിക്കുന്നുവെങ്കിൽ അവ ഭരണകക്ഷി- പ്രതിപക്ഷ ഭേദമന്യേ എല്ലാ കക്ഷികൾക്കും ലഭ്യമാക്കേണ്ടതാണ്. എന്നാൽ പ്രസ്തുത സ്ഥലസൗകര്യങ്ങൾ പ്രചാരണ ഓഫീസായോ സമ്മേളന സ്ഥലമായോ ഉപയോഗിക്കാൻ പാടുള്ളതല്ല.
  • തെരഞ്ഞെടുപ്പ് സമയത്ത് അധികാരത്തിലിരിക്കുന്ന പാർട്ടി അവരുടെ നേട്ടങ്ങളെക്കുറിച്ച് സർക്കാർ ചെലവിൽ വർത്തമാന പത്രങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ പരസ്യങ്ങൾ പുറപ്പെടുവിക്കുന്നതും ഔദ്യോഗിക മാധ്യമങ്ങൾ വഴി തങ്ങളുടെ നേട്ടങ്ങളെക്കുറിച്ചു പറയുന്നതും അനുകൂലമായ രാഷ്ട്രീയവാർത്തകൾ നൽകുന്നതും കണിശമായും ഒഴിവാക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം മന്ത്രിമാരോ മറ്റ് അധികാരികളോ വിവേചനാധികാരം ഉപയോഗിച്ച് നൽകുന്ന ഫണ്ടുകളിൽ നിന്ന് ഗ്രാന്റ് മുതലായവ നൽകാൻ പാടുള്ളതല്ല.തെരഞ്ഞെടുപ്പു കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മന്ത്രിമാരും മറ്റ് അധികാരികളും താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്.ഒരു തരത്തിലുമുള്ള ധനസഹായം ഒരു രീതിയിലും അനുവദിക്കുകയോ വാഗ്ദാനം നൽകുകയോ ചെയ്യരുത്.

  • ഒരു തരത്തിലുമുള്ള പദ്ധതിയുടെയും ശിലാസ്ഥാപനം നടത്താൻ
    പാടില്ല. (സർക്കാർ ഉദ്യോഗസ്ഥർക്ക് ബാധകമല്ല)റോഡ് നിർമാണം, ശുദ്ധജലവിതരണം എന്നിവ സംബന്ധിച്ച് ഒരു തരത്തിലുള്ള വാഗ്ദാനവും നൽകാൻ പാടില്ല.സർക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഇടക്കാല നിയമനങ്ങൾ നടത്താൻ പാടില്ല.സ്ഥാനാർഥി, വോട്ടർ, ഏജന്റ് എന്നീ നിലകളിലല്ലാതെ പോളിംഗ് സ്റ്റേഷനിലോ, കൗണ്ടിംഗ് സ്റ്റേഷനിലോ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പ്രവേശിക്കാൻ പാടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.