ചൊവ്വയിൽ ആളെയിറക്കാൻ ഇലോൺ മസ്ക് : ചൊവ്വയിലേയ്ക്ക് ബഹിരാകാശ പേടകം അയക്കാൻ ഒരുങ്ങി സ്പേസ് എക്സ്

ലണ്ടൻ : ലോക കോടീശ്വരൻമാരില്‍ ഒരാളാണ് സ്‌പേസ് എക്‌സ്, ടെസ്‌ല സ്ഥാപകനും എക്സ് ( ട്വിറ്റര്‍ ) ഉടമയുമായ ഇലോണ്‍ മസ്‌ക്. മറ്റ് ശതകോടീശ്വരൻമാരില്‍ നിന്ന് വ്യത്യസ്തമായി ലോകത്തെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുകയും അത് പ്രാവര്‍ത്തികമാക്കാൻ ഏതറ്റം വരെ പോകാൻ മടിയില്ലാത്തതുമായ ആളാണ് മസ്ക്. തന്റെ സമ്ബത്തിന്റെ വലിയ ഒരു ഭാഗം വിനിയോഗിച്ച്‌ ബഹിരാകാശത്തിന്റെ അതിര്‍വരമ്ബുകള്‍ ഭേദിക്കുകയെന്നതാണ് മസ്‌കിന്റെ ലക്ഷ്യം. ചൊവ്വയില്‍ മനുഷ്യനെയെത്തിക്കുക എന്നതാണ് മസ്‌കിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. ഇപ്പോഴിതാ, വരുന്ന മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ സ്പേസ് എക്സിന്റെ പേടകം ഇറങ്ങുമെന്ന് ആത്മവിശ്വാസത്തിലാണ് മസ്‌ക്. അടുത്തിടെ നടന്ന ഒരു ബഹിരാകാശ പരിപാടിയിലായിരുന്നു മസ്കിന്റെ പ്രഖ്യാപനം.

Advertisements

ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ആളില്ലാ പേടകം ചൊവ്വയിലിറങ്ങുമെന്നും ഭാഗ്യമൊത്താല്‍ 2030ന് മുമ്ബ് മനുഷ്യര്‍ ചൊവ്വയില്‍ കാലുകുത്തുമെന്നും മസ്ക് മുമ്ബ് പലതവണ സൂചിപ്പിച്ചിട്ടുണ്ട്. ചൊവ്വയിലെ നഗരവത്കരണത്തെ പറ്റി വിശാലമായ കാ‌ഴ്‌ചപ്പാടുകളാണ് മസ്‌കിന്. ലോകത്തെ ഏറ്റവും വലിപ്പവും ശക്തിയുമുള്ള റോക്കറ്റായ സ്‌പേസ്‌ എക്‌സ് സ്‌റ്റാര്‍ഷിപ്പിലൂടെ മനുഷ്യരെ ആദ്യം ചന്ദ്രനിലേക്കും പിന്നെ ചൊവ്വയിലേക്കും എത്തിക്കാനാണ് മസ്കിന്റെ ലക്ഷ്യം. സ്‌റ്റാര്‍ഷിപ്പിന്റെ ആദ്യ പരീക്ഷണം കഴിഞ്ഞ ഏപ്രില്‍ 20ന് നടന്നിരുന്നു. ടെക്സസിലെ ബോക ചികയിലെ സ്റ്റാര്‍ ബേസ് വിക്ഷേപണത്തറയില്‍ നിന്ന് റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നെങ്കിലും നാല് മിനിട്ടിനകം മെക്സിക്കോ ഉള്‍ക്കടലിന് 32 കിലോമീറ്റര്‍ മുകളില്‍ വച്ച്‌ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റ് പറന്നുയര്‍ന്നതിന് പിന്നാലെ എൻജിനുകള്‍ തകരാറിലായി. സ്റ്റാര്‍ഷിപ്പിന്റെ അടുത്ത പരീക്ഷണം വൈകാതെ നടത്താനുള്ള ശ്രമത്തിലാണ് സ്പേസ് എക്സ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2050 ഓടെ ചൊവ്വയില്‍ ഒരു നഗരം നിര്‍മ്മിക്കണമെന്നാണ് മസ്‌കിന്റെ ആഗ്രഹം. അതേ സമയം, ചൊവ്വയിലെത്തിയാല്‍ മനുഷ്യൻ നേരിടാൻ പോകുന്ന വെല്ലുവിളികളെ പറ്റിയും മസ്‌ക് ബോധവാനാണ്. ഭൂമിയിലേക്ക് ഒരു പക്ഷേ ജീവനോടെ മടങ്ങിയെത്താനായേക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്ട് ചൊവ്വയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തെ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റ് കീഴടക്കുന്നതുമായാണ് മസ്ക് താരതമ്യം ചെയ്യുന്നത്.

എവറസ്‌റ്റ് കൊടുമുടി കയറുന്നതിനിടെ മരണം സംഭവിക്കാം. എന്നിട്ടും അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തരണം ചെ‌യ്‌ത് മുന്നോട്ട് പോകാനാണ് പര്‍വതാരോഹകര്‍ ശ്രമിക്കുന്നത്. തന്റെ ചൊവ്വാ സ്വപ്‌നവും അങ്ങനെയാണെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. 1940കളുടെ അവസാനം മുതല്‍ തന്നെ ചൊവ്വയില്‍ മനുഷ്യനെയെത്തിക്കുക എന്നത് ശാസ്ത്രലോകത്തിന്റെ സ്വപ്‌നങ്ങളിലൊന്നാണ്. ആളില്ലാ പേടകങ്ങള്‍ ഇറങ്ങിയെങ്കിലും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമായിട്ടില്ല. സമീപ വര്‍ഷങ്ങളിലൊന്നും അത് സാദ്ധ്യമായേക്കാമെന്ന പ്രതീക്ഷ നാസയ്ക്കുമില്ല.

Hot Topics

Related Articles