നല്ല ഒരു ലോഗോ തയ്യാറായ ഉടനെ ട്വിറ്ററിന്റെ ട്രേഡ് മാർക്കായ കിളിയുടെ ചിഹ്നവും മാറ്റുമെന്ന് ഇലോൺ മസ്ക്. ആപ്പിന്റെ ട്വിറ്റർ എന്ന പേരും ഉപേക്ഷിക്കുമെന്ന് മസ്ക് വ്യക്തമാക്കി. ട്വിറ്റർ ആപ്പിന്റെ പേര് എക്സ് (X)എന്നാക്കി മാറ്റുമെന്ന് മസ്ക് വീണ്ടും പ്രഖ്യാപിച്ചു.
മനുഷ്യനിലെ അപൂർണതകളുടെ പ്രതിഫലനമാണ് എക്സ് എന്നും, ആ ആശയം പ്രതിഫലിക്കുന്ന ഒരു ലോഗോ കിട്ടിയാൽ പറ്റുമെങ്കിൽ നാളെ തന്നെ ചിഹ്നം മാറ്റുമെന്നുമാണ് പ്രഖ്യാപനം. ഒക്ടോബറിൽ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോർപ്പ് എന്ന് മാറ്റിയിരുന്നു. ചൈനയിലെ വീ ചാറ്റ് മാതൃകയിൽ എല്ലാ സേവനവും ഒറ്റ ആപ്പിൽ കിട്ടുന്ന സംവിധാനമാക്കി എക്സിനെ മാറ്റുകയാണ് മസ്കിന്റെ സ്വപ്നം. പണമിടപാടും ബ്ലോഗിങ്ങും, മൈക്രോ ബ്ലോഗിങ്ങും, വീഡിയോയും എല്ലാം ചേരുന്ന ഒരു സൂപ്പർ ആപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകാത്തതിനെതിരെ മുൻ ജീവനക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അഞ്ഞൂറ് മില്യൺ ഡോളറിന്റെ ബാധ്യതയാണ് ഈ ഇനത്തിൽ മാത്രം നൽകേണ്ടി വരിക. അതിനിടയിലും ക്രിയേറ്റർമാർക്ക് യൂട്യൂബിനേക്കാൾ വരുമാനം നൽകുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആപ്പിന്റെ വിലയിടിച്ച് നശിപ്പിച്ച് കമ്പനി വിറ്റൊഴിവാക്കാനാണ് മസ്ക് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.