ഇംഗ്ലണ്ടിന് തിരിച്ചടി ; ജാക്ക് ലീചിന് പരിക്ക് ഇന്ത്യക്കെതിരെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല

മുംബൈ : ഇന്ത്യക്കെതിരായ അവസാന മൂന്ന് ടെസ്റ്റ് പോരാട്ടങ്ങള്‍ക്കായി ഒരുങ്ങുന്ന ഇംഗ്ലണ്ടിനു കനത്ത തിരിച്ചടി. ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച് പരമ്പരയില്‍ നിന്നു പുറത്ത്. പരിക്കാണ് വില്ലനായത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജാക്ക് ലീച് കളിക്കില്ല. അവസാന മൂന്ന് പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിനു പരിചയ സമ്ബത്തില്ലാത്ത സ്പിന്‍ നിരയുമായി കളിക്കാനിറങ്ങേണ്ട അവസ്ഥയാണ്. ലീചിനു പകരക്കാരനെ ഉള്‍പ്പെടുത്തുന്നില്ലെന്നു ഇംഗ്ലണ്ട് വ്യക്തമാക്കി. പാര്‍ട് ടൈം സ്പിന്നര്‍ ജോ റൂട്ട് ഉള്‍പ്പെടെ നാല് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. രെഹാന്‍ അഹമദ്, ഷൊയ്ബ് ബഷീര്‍, ടോം ഹാര്‍ട്‌ലി എന്നിവരാണ് ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാര്‍.

ഇന്ത്യക്കെതിരായ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് താരത്തിനു ഫീല്‍ഡിങിനിടെ പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്കാണ് ഇപ്പോള്‍ വിലങ്ങായത്. പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ ലീച് കളിച്ചില്ല.വിശ്രമത്തിനു ശേഷം താരത്തെ കളിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണോയെന്നു ഇംഗ്ലണ്ട് പരിശോധിച്ചിരുന്നു. എന്നാല്‍ പരിക്കു ഭേദമാകാന്‍ സമയം ആവശ്യമാണെന്നു വ്യക്തമായതിനു പിന്നാലെ താരത്തെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നു ഒഴിവാക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

Hot Topics

Related Articles