ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് അവസാനമായെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. ഒമിക്രോണ്‍ സാന്നിധ്യം രൂക്ഷമായയതോടെയാണ് രാജ്യത്ത് മൂന്നാം തരംഗമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിരിക്കുന്നു. ഇത് മൂന്നാം തരംഗം അവസാനിച്ചതാണെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജ്യം ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡിന്റെ ഏത് നിര്‍ണായക ഘട്ടത്തെയും നേരിടാനുള്ള കരുതലും ജാഗ്രതയും തുടര്‍ന്നും പുലര്‍ത്തേണ്ടതുണ്ട്. വൈറസിനോട് ഉദാസീനത പുലര്‍ത്താന്‍ നമുക്കാവില്ലെന്നും വി കെ പോള്‍ പറഞ്ഞു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,920 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കൊവിഡ് കണക്കുകളില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 492 കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,10,905 ആയി ഉയര്‍ന്നു.
അതിനിടെ വാക്സിനേഷനില്‍ രാജ്യം റെക്കോഡ് നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 80 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന് നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യക്ഷമമായ നേതൃത്വത്തില്‍ രാജ്യം 100 ശതമാനം വാക്സിനേഷന് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.