കോട്ടയം ഏറ്റുമാനൂരിൽ പൊലീസിന്റെ മോഷ്ടാവ് വേട്ട തുടരുന്നു: ഒരു മാസത്തിനിടെ മൂന്നാമത്തെ മോഷ്ടാവും പിടിയിൽ; പിടിയിലായത് സംസ്ഥാനത്തെമ്പാടും കേസുകളുള്ള തമിഴ്‌നാട് സ്വദേശി

കോട്ടയം: മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്. ഒരു വർഷം മുൻപ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്‌നാട് തിരുന്നൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ തെരുവിൽ ലക്ഷ്മി ഭവനിൽ വീട്ടിൽ വസന്തകുമാറിനെ (പേച്ചിമുത്ത് -49)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് 18000 രൂപയും, ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്ന ഏഴു സ്വർണ്ണത്താലിയും കവർച്ച ചെയ്യുകയായിരുന്നു. തുടർന്നു പൊലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രതി പേച്ചിമുത്തുവാണ് എന്നു കണ്ടെത്തിയിരുന്നു. തുടർന്നു ഒരു വർഷത്തോളമായി ഇയാൾക്കായി പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പേച്ചിമുത്തുവിനെ കണ്ടെത്തിയത്. തുടർന്നു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി, ബാലഗോപാൽ, ഡ്രൈവർ സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ കണ്ടെത്തി. തുടർന്ന്, ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്തിനകത്തും, പുറത്തും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. ജില്ലയിൽ കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ചിങ്ങവനം, രാമപുരം, മണർകാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. ഈ സ്‌റ്റേഷനുകളിലെ കേസുകളിലെല്ലാം പിടികിട്ടാപ്പുള്ളിയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. ഏറ്റുമാനൂരിൽ ഷാപ്പിൽ മോഷണം നടത്തിയ ശേഷം ഒരു ലക്ഷം രൂപയുമായി രക്ഷപെട്ട പ്രതിയെയും, മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം അസമിലേയ്ക്കു രക്ഷപെട്ട പ്രതിയെയും പിന്നാലെ എത്തിയ ഏറ്റുമാനൂർ പൊലീസ് സംഘം പിടികൂടിയിരുന്നു. അന്തർ സംസ്ഥാന ക്ഷേത്ര മോഷ്ടാവിനെ കൂടി പിടികൂടിയതോടെ ഒരു മാസത്തിനിടെ ഏറ്റുമാനൂർ ക്ഷേത്രം പരിധിയിൽ പിടികൂടുന്ന മൂന്നാമത്തെ മോഷ്ടാവാണ് പേച്ചിമുത്തു.

Hot Topics

Related Articles