കോട്ടയം: എട്ടു മാസം കഴിഞ്ഞിട്ടും ഡിഗ്രി വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷാ ഫലം പ്രഖ്യാപിക്കാത്തതിൽ എം.ജി സർവകലാശാലയ്ക്ക് കത്തയച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി. 2019 ൽ അഡ്മിഷൻ നേടിയ 2021 ഡിസംബറിൽ സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഫലമാണ് വൈകുന്നത്. രണ്ടാം സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ആണ് ഇതുവരെ സർവകലാശാല പ്രസിദ്ധീകരിക്കാത്തത്. ഈ സാഹചര്യത്തിൽ ഈ വിദ്യാർത്ഥികൾക്ക് പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകുമെന്നുള്ള ആരോപണമാണ് ഉയരുന്നത്.
എം.ജി സർവകലാശാലയിൽ ജൂലായ് 20 നും, കേരള സർവകലാശാലയിൽ ജൂലായ് 23 നുമാണ് പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്ന അവസാന തീയതി. രണ്ടാം സെമസ്റ്റർ ഫലം വരാത്തതിനാൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ പി.ജി പ്രവേശനം മുടങ്ങുമോ എന്ന ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ 2021 ഡിസംബറിൽ നടത്തിയ ബി.എ, ബികോം, ബി.എസ്.സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എം.ജി സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ.സി.എം ശ്രീജിത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് നിവേദനം നൽകി.