തിരുവനന്തപുരം:സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ശേഷം വഞ്ചന നടത്തുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.ധനികരാണെന്ന പേരിൽ വിശ്വാസം നേടി സമ്മാനങ്ങൾ അയയ്ക്കാമെന്ന വാഗ്ദാനമാണ് ആദ്യം നൽകുക. സമ്മാനങ്ങളുടെയും, വിലാസം എഴുതി പായ്ക്ക് ചെയ്തിരിക്കുന്നതിന്റെയും ഫോട്ടോകൾ വരെ അവർ അയച്ചുതരും.എന്നാൽ ഇതാണ് യഥാർത്ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരിൽ വ്യാജ ഫോൺ കോളുകൾ എത്തും.
ലക്ഷങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ പാർസലായി എത്തിയിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും, പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തും.അജ്ഞാതരിൽ നിന്നുള്ള ഇത്തരം ‘സമ്മാനങ്ങൾ’ വിശ്വസിച്ച് ഒരിക്കലും പണം നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണം.