“60 കോടി രൂപ തട്ടിപ്പ് ആരോപണം:”പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും നടത്തിയ ബാസ്റ്റിയൻ ബാന്ദ്ര ‘റെസ്റ്റോറന്റ് ‘ അടച്ചുപൂട്ടി

മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും നടത്തി വന്നിരുന്ന പ്രശസ്ത റെസ്റ്റോറന്റായ ബാസ്റ്റിയൻ ബാന്ദ്ര അടച്ചുപൂട്ടുന്നു. 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവരും പ്രതികളായിട്ട് ദിവസങ്ങൾക്കകം ആണ് ഈ നീക്കം.ശില്‍പ ഷെട്ടി തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ റെസ്റ്റോറന്റ് അടച്ചുപൂട്ടുന്ന കാര്യം സ്ഥിരീകരിച്ചു. “മുംബൈയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നായ ബാസ്റ്റിയൻ ബാന്ദ്രയോട് വിടപറയുന്ന ഈ ദിനം ഒരു യുഗത്തിന്റെ കൂടി അന്ത്യം കുറിക്കുന്ന ദിവസമാണ്. എണ്ണമറ്റ ഓർമ്മകളും, മറക്കാനാവാത്ത രാത്രികളും, നഗരത്തിന്റെ രാത്രിജീവിതത്തെ രൂപപ്പെടുത്തിയ നിമിഷങ്ങളും ഞങ്ങൾക്ക് നൽകിയ വേദിയാണ് ഇത്. ഇപ്പോൾ അത് അന്ത്യത്തിലേക്ക് നീങ്ങുന്നു,” എന്ന് നടി കുറിച്ചു.എന്നാൽ ബാസ്റ്റിയൻ അറ്റ് ദി ടോപ്പ് എന്ന സ്ഥാപനത്തിലെ സേവനങ്ങള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. 2016-ൽ റെസ്റ്റോറേറ്റർ രഞ്ജിത് ബിന്ദ്രയുമായി ചേര്‍ന്നാണ് ശില്‍പ ഷെട്ടി ബാസ്റ്റിയൻ ബാന്ദ്ര ആരംഭിച്ചത്.

Advertisements

മുംബൈയിലെ ബിസിനസുകാരനായ ദീപക് കോത്താരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികൾക്കെതിരെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) കേസ് രജിസ്റ്റർ ചെയ്തത്. ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ 2015-നും 2023-നും ഇടയിൽ 60.4 കോടി രൂപ വായ്പയും നിക്ഷേപവുമായാണ് എടുത്തത്. എന്നാല്‍, ആ തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.അതേസമയം, ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും അഭിഭാഷകനായ പ്രശാന്ത് പാട്ടീല്‍ ആരോപണങ്ങൾ നിഷേധിച്ചു. “ഇത് ഒരു പഴയ സിവിൽ കേസാണ്. 2024 ഒക്ടോബറിലേയ്ക്ക് തന്നെ എൻസിഎൽടി മുംബൈയില്‍ തീർപ്പായ കേസാണിത്. ഞങ്ങളെ അപകീർത്തിപ്പെടുത്താനുള്ള അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ ശ്രമമാണിത്. ആവശ്യമായ രേഖകൾ എല്ലാം ഇതിനകം സമർപ്പിച്ചിട്ടുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.ബാസ്റ്റിയൻ ബാന്ദ്രയുടെ അടച്ചുപൂട്ടൽ, കേസ് നടക്കുന്നതിനോടൊപ്പം വന്നതോടെ ഇരുസംഭവങ്ങൾക്കും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ചർച്ചകൾ ശക്തമായിട്ടുണ്ട്. എന്തായാലും, സത്യം പുറത്തുകൊണ്ടുവരാന്‍ EOW നടത്തുന്ന അന്വേഷണം നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Hot Topics

Related Articles