കോട്ടയം: കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാം എന്ന് പറഞ്ഞ് കർഷകരെ കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ല പാടിഓഫീസറെ ഉപരോധിച്ചു.
ഉടൻ കർഷകർക്ക് പണം നൽകുമെന്ന് സർക്കാരിന്റെ വാക്ക് പാഴ് വാക്ക് ആയതിനാലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിന് യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായിൽ, യുഡിഎഫ് നേതാക്കളായ വി.ജെ ലാലി, തോമസ് കല്ലാടൻ, മധൻലാൽ, എൻ.ഐ. മത്തായി, നീണ്ടൂർ പ്രകാശ്, ഷാനവാസ് പാഴൂർ, കുര്യൻ പി.കുര്യൻ, സിബി കൊല്ലാട്, ബിനു ചെങ്ങളം, ഫാറൂക്ക് പാലപ്പറമ്പിൽ, എസ്.ഗോപകുമാർ, പ്രെഫ:ഷബാസ്, ബിജോയി പ്ലാത്താനം, അനിൽ മലരിക്കൽ, കുഞ്ഞുമോൻ ഒഴുകയിൽ, ബിനു കോയിക്കൽ, ബൈജു മാറാട്ടുകുളം, വൈ.മുഹമ്മദ് ഹനീഫ,തുടങ്ങിയവരും പങ്കെടുത്തു.
രാവിലെ 10.30 AM ന് ഓഫീസിലെത്തിയ നേതാക്കൾ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയപ്പോളാണ് ജില്ലാ പാടിഓഫീസർ എത്തിയത്.
തുടർന്ന് ഉപരോധ സമരത്തിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA കടന്നുവരികയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പാടി ഓഫീസറും, സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽകുമാറും ആയി ഫോണിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നാല് ദിവസത്തിനകം കൃഷിക്കാർക്ക് പണം നൽകുമെന്ന് മന്ത്രി നൽകിയ ഉറപ്പിന്മേൽ ആണ് ഉപരോധ സമരം അവസാനിപ്പിച്ച് പ്രവർത്തകർ ഓഫീസിൽ നിന്നും പുറത്ത് പോയത്.
ആലപ്പുഴ ജില്ലയിലെ കർഷകർക്ക് 322 കോടി രൂപയും, കോട്ടയം ജില്ലയിലെ കർഷകർക്ക് 91 കോടി രൂപയും നിലവിൽ സർക്കാർ കർഷകർക്ക് കുടിശിക വരുത്തിയിരിക്കുകയാണ്.
സർക്കാർ നിർദ്ദേശപ്രകാരം ബാങ്കുകൾ കൃഷിക്കാർക്ക് ലോൺ നൽകും എന്ന് പറഞ്ഞിരുന്നുവെങ്കിലും കാനറ ബാങ്കും, ഫെഡറൽ ബാങ്കും, എസ്ബിഐ ഉൾപ്പെടെ മൂന്ന് ബാങ്കുകളും മൂന്ന് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാൽ നിലവിൽ ബാങ്ക് വായ്പ ത്രിശങ്കുവിലാണെന്നും നേതാക്കൾ ആരോപിച്ചു.
കർഷകർ അധ്വാനിച്ച് ഉത്പാദിപ്പിച്ച നെല്ല് സർക്കാരിന് കൊടുത്ത കർഷകർ അതിന്റെ പണം ലഭിക്കാൻ ഇനി ബാങ്കിന്റെ മുമ്പിൽ അപേക്ഷയുമായി പോയി നിൽക്കേണ്ട സാഹചര്യം ഒഴിവാക്കി സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് ബാങ്കിൽ നിന്നും ലോണെടുത്ത് കർഷകർക്ക് നൽകുകയാണ് ചെയ്യേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഈ വായ്പ തിരിച്ചടവ് സർക്കാരിന്റെ ഭാഗത്തുനിന്നും തടസ്സം സൃഷ്ടിക്കപ്പെട്ടാൽ ഇപ്പോൾ ലോൺ എടുക്കുന്ന കൃഷിക്കാർ മറ്റു ലോൺ എടുക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് തള്ളിവിടപ്പെടാൻ സാധ്യതയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.