മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരിയായ ഫാ. ജെ. മാത്യു മണവത്തിനെ കോറെപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തുന്നു. 28-ന് രാവിലെ 7 മണിക്ക് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയിൽ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് കാർമികത്വം വഹിക്കും.
1982-ൽ ശെമ്മാശന സ്ഥാനത്തേക്കും 1986-ൽ വൈദിക സ്ഥാനത്തേക്കും അഭിഷിക്തനായ ഫാ. മാത്യു, രണ്ട് പതിറ്റാണ്ടോളം സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപകനായും ആറുവർഷം ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചു. മണർകാട് മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ചതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. വിരമിച്ച ശേഷവും ആത്മീയ കാര്യങ്ങളിലും ചിന്തോദ്വീപകമായ എഴുത്തുകളിലൂടെയും വിശ്വാസികളെ നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഹയർ സെക്കണ്ടറി സ്കൂളിന്റെയും മാനേജരായും സെന്റ് മേരീസ് ആശുപത്രിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്നു. സേവകാസംഘത്തിന്റെ പ്രസിഡന്റായും സാമൂഹ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ആത്മീയ സേവനത്തോടൊപ്പം ആരോഗ്യ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനായി വ്യായാമത്തെയും പ്രത്യേക പ്രാധാന്യം നൽകി വരുന്ന വൈദികനാണ് അദ്ദേഹം.
സമീപകാലത്ത് നടന്ന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയതോടെ സാമൂഹിക ശ്രദ്ധയും അദ്ദേഹത്തെ തേടിയെത്തി. വൈദികജീവിതത്തോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും ആരോഗ്യ ബോധവൽക്കരണവും മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാര്യ തുളസി മാത്യു, മകൾ മഹിമ ശോശ മാത്യു, മരുമകൻ വിന്നി ടോം തോമസ്.