കോട്ടയം :-മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആരോപിച്ചു.
ഭരണത്തിൻ്റെ അവലോകനം നടത്താൻ മുഖ്യമന്ത്രി കോട്ടയത്ത് എത്തുന്ന അവസരത്തിൽ കെട്ടിടം ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തെ നിസാരവൽക്കരിക്കാൻ മന്ത്രിമാർ ശ്രമിച്ചതാണ് വീട്ടമ്മയുടെ മരണത്തിന് കാരണമായത്.
അപകടം ഉണ്ടായ ഉടനെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു എങ്കിൽ വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു ജീവൻ മരണത്തോട് മല്ലിടുന്ന സമയത്ത് രക്ഷാപ്രവർത്തനം നടത്താതെ ആരും അതിനിടയിൽ ഇല്ല എന്നു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മന്ത്രിമാരാണ് മരണത്തിന് കാരണണക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ച വീട്ടമ്മയുടെ മകൾ അമ്മയെ കാണാനില്ലന്ന് പരാതി നൽകുന്നത് വരെ യാതൊരു നടപടിയും അധികാരികൾ സ്വീകരിച്ചില്ല.
മെഡിക്കൽ കോളജിലെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിൽ ആണ് എന്ന് റിപ്പോർട്ട് നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ ആശുപത്രി പ്രവർത്തിക്കുന്നു എന്നുള്ളത് തന്നെ സർക്കാരിൻ്റെ വീഴ്ചയാണ് കാണിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.