‘തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം’; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഗതാഗത വകുപ്പിനെതിരെ സിപിഎം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കരുതെന്നും ചർച്ചകളിലൂടെ പ്രശ്നം തീർക്കണമെന്നും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ആശയം നല്ലതാണെങ്കിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കാതെയും കൂടിയാലോചനയില്ലാതെയും പരിഷ്ക്കരണം നടപ്പാക്കാൻ ഗതാഗതവകുപ്പ് ഒരുങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഒരാഴ്ചയായി പ്രതിസന്ധി തുടരുമ്പോള്‍ ഇടപെടേണ്ട ഗതാഗതമന്ത്രി വിദേശത്താണ്. അപകടങ്ങള്‍ ഒഴിവാക്കാനും നിലവാരം കൂട്ടാനും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം വേണമെന്നതില്‍ ആർക്കും രണ്ടഭിപ്രായമില്ല. ഒറ്റയടിക്ക് ഗതാഗതവകുപ്പ് തീരുമാനം പ്രഖ്യാപിച്ചതാണ് അസാധാരണ പ്രതിസന്ധിക്ക് കാരണം. പ്രതിദിന ലൈസൻസ് 30 ആക്കി ഒറ്റയടിക്ക് കുറക്കാൻ വാക്കാല്‍ നിർദ്ദേശം നല്‍കുകയായിരുന്നു ആദ്യം. സംസ്ഥാനത്താകെ പ്രതിഷേധം കനത്തതോടെ തീരുമാനമെടുത്തില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പിന്നാലെ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങി. ഏഴ് ദിവസമായി സ്ലോട്ട് കിട്ടിയവർ ഗ്രൗണ്ടിലെത്തി മടങ്ങുന്നുകയാണ്. ഇതോടെ ജോലിക്കും വിദേശത്തേക്ക് പോകാനും കാത്തിരിക്കുന്നവർ ദുരിതത്തിലായി. ഇതിനിടെ സിപിഎം ഇടപെട്ടതോടെ പ്രതിദിന ലൈസൻസ് 30 ല്‍ നിന്ന് 40 ആക്കി. 15 വർഷം കാലാവധി ഉള്ള വാഹനങ്ങള്‍ മാറ്റാൻ ആറ് മാസത്തെ സാവകാശവും നല്‍കി. ഭരണാനുകൂല സംഘടന സിഐടിയു സമരത്തില്‍ നിന്ന് പിന്മാറി. പക്ഷെ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും ചേർന്ന സംയുക്ത സമരസമിതി പ്രതിഷേധം കടുപ്പിച്ചു. ഇതോടെ സിഐടിയുവും വെട്ടിലായി. സംസ്ഥാനത്താകെ ഉള്ളത് 86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളാണ്. ഇതില്‍ പത്തെണ്ണം മാത്രമാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. കൂടുതല്‍ ഗ്രൗണ്ട് കണ്ടെത്തി പരിഷ്ക്കരണവുമായി മുന്നോട്ട് നീങ്ങുമെന്ന് പറഞ്ഞ് ഗതാഗതവകുപ്പ് ഇന്നലെ സമരക്കാരെ പൂർണ്ണമായും തള്ളി. പക്ഷെ ഇന്ന് രാവിലെയും പതിവ് പോലെ ടെസ്റ്റ് മുടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഗ്രൗണ്ട് എപ്പോള്‍ കണ്ടെത്തുമെന്ന് വ്യക്തമല്ല. 23 നാണ് മന്ത്രി ചർച്ച വിളിച്ചിരിക്കുന്നത്. പ്രതിസന്ധി കനക്കുമ്ബോള്‍ ചർച്ച ചെയ്യേണ്ട ഗതാഗതമന്ത്രി നിലവില്‍ ഇന്തോനേഷ്യയിലാണ്. 14 നാണ് ഗണേഷ് കുമാര്‍ ഇന്തോനേഷ്യയില്‍ നിന്ന് മടങ്ങിയെത്തുക. ഗതാഗത വകുപ്പ് കടുംപിടുത്തത്തില്‍ തുടരുമ്പോള്‍ ഏകപക്ഷീയ തീരുമാനം വെണ്ടെന്ന നിലപാടിലാണ് സിപിഎം. ഏറ്റുമുട്ടല്‍ കൊണ്ട് കാര്യമില്ലെന്നും ചർച്ച ചെയ്ത്‌ പ്രശ്നം പരിഹരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിന്‍റെ കാര്യത്തില്‍ അനിശ്ചിതമായി പ്രശ്നം നീളുന്ന സാഹചര്യത്തില്‍ സിപിഎം കൂടുതല്‍ ഇടപെടാനാണ് സാധ്യത. ഇനി പിന്നോട്ട് പോകുമോ ഗതാഗതവകുപ്പ്, അതോ സമരക്കാരെ മറികടന്ന് പരിഷ്ക്കാരങ്ങളിലുറച്ച്‌ നില്‍ക്കാനാകുമോ എന്ന് കണ്ടറിയണം. അതേസമയം, തിങ്കളാഴ്ച മുതല്‍ സമരം കടുപ്പിക്കാനാണ് യൂണിയൻ തീരുമാനം.

Hot Topics

Related Articles