തമിഴ്നാട്ടിൽ അഞ്ചാം വിമാനത്താവളം പ്രഖ്യാപിച്ച് സ്റ്റാലിൻ; നിർമ്മാണം ഹൊസൂരിലെ 2000 ഏക്കറിൽ

ചെന്നൈ : തമിഴ്നാട്ടില്‍ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹൊസൂരില്‍ 2000 ഏക്കർ സ്ഥലത്ത് വിമാനത്താവളം സ്ഥാപിക്കുകയാണ് ലക്ഷ്യം. പ്രതിവർഷം മൂന്ന് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള വിമാനത്താവളമാണ് നിർമിക്കുകയെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ഹൊസൂരിലും പരിസര പ്രദേശങ്ങളിലും നിരവധി ഉല്‍പ്പാദന, വ്യാവസായിക യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുകയാണ് ലക്ഷ്യം. ഹൊസൂരിലെ പുതിയ വിമാനത്താവളത്തിന്‍റെ പ്രഖ്യാപനം ഈ മേഖലയുടെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ പറഞ്ഞു.

Advertisements

ഈ പദ്ധതി കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും. ഇത് ഹൊസൂരിന് മാത്രമല്ല ധർമ്മപുരി, സേലം തുടങ്ങിയ അയല്‍ ജില്ലകളുടെ വികസനത്തിനും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഓട്ടോ, ഇവി നിർമ്മാണം, ലോജിസ്റ്റിക്‌സ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർമാണങ്ങള്‍ നടക്കുന്ന ഈ പ്രദേശം ഒരു ഐ ടി ഹബ്ബായി വികസിക്കുകയാണ്. ടാറ്റ ഇലക്‌ട്രോണിക്‌സ്, ടിവിഎസ്, അശോക് ലെയ്‌ലാൻഡ്, ടൈറ്റൻ, റോള്‍സ് റോയ്‌സ് തുടങ്ങിയ പ്രമുഖ കമ്ബനികള്‍ ഈ മേഖലയില്‍ പ്രവർത്തിക്കുന്നുണ്ട്. ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് ഹൊസൂർ. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച്‌ ഹൊസൂരിനെ ഒരു പ്രധാന സാമ്പത്തിക വികസന ഹബ്ബാക്കി മാറ്റാനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമാണ് വിമാനത്താവളമെന്ന് സർക്കാർ അറിയിച്ചു. ഇതോടൊപ്പം തിരുച്ചിറപ്പള്ളിയില്‍ ലോകോത്തര ലൈബ്രറിയും നോളഡ്ജ് സെന്‍ററും മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. യുവാക്കളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബൗദ്ധിക വളർച്ചയുടെ കേന്ദ്രമാക്കി ഈ സെന്‍ററിനെ മാറ്റുകയാണ് ലക്ഷ്യം.

Hot Topics

Related Articles