കോട്ടയം : എം.ജി സർവകലാശാല ക്യാമ്പസിലെ യുണിയൻ ദിനാഘോഷ പരിപാടികൾക്കിടെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ ആക്രമണം. രണ്ട് പെൺകുട്ടികൾ അടക്കം അഞ്ച് കെ.എസ്.യു പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ കെ.എസ്.യു പ്രവർത്തകരായ സ്റ്റെഫിൻ ജോസഫ് (21),
സേതു ലക്ഷ്മി (22), അപർണ (22) , കുരുവിള (21), ഗൗതം ശ്രീകുമാർ (20) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. എം ജി സർവ്വകലാശാല ക്യാമ്പസിൽ കോളേജ് യൂണിയൻ ദിനാഘോഷ പരിപാടികൾക്ക് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിനുള്ളിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രകോപനം ഒന്നുമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്യു പ്രവർത്തകർ പറയുന്നു. കലാപരിപാടികൾ കാണുന്നതിനു വേണ്ടിയാണ് വിദ്യാർത്ഥികൾയൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ എത്തിയത്. ഇവിടെ വച്ചാണ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. അക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.