കോട്ടയം: ഹോട്ടലുകളിൽ തകൃതിയായി പരിശോധന നടത്തി നോട്ടീസ് നൽകാൻ കാട്ടുന്ന ആവേശം പിഴ പിരിച്ചെടുക്കാൻ കാട്ടാതെ ഭക്ഷ്യസുരക്ഷാ വിഭാഗം..! കഴിഞ്ഞ നാലു വർഷത്തിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം കോട്ടയത്ത് നൽകിയത് 46 നോട്ടീസുകളാണ്. ഈ നോട്ടീസുകളിലായി 2,45000 രൂപയാണ് പിരിച്ചെടുക്കേണ്ടത്. എന്നാൽ, ഈ തുക പിരിച്ചെടുക്കുന്നതിനു വേണ്ട നടപടി ഭക്ഷ്യസുരക്ഷാ വിഭാഗം സ്വീകരിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓഫിസുകളിൽ നടക്കുന്ന ക്രമക്കേട് സംബന്ധിച്ചു വിജിലൻസ് നടത്തിയ പരിശോധനയിലാണ് കോട്ടയം ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസിലെ വിവരങ്ങൾ പുറത്തു വന്നത്.
പരാതികളിൽ അതിവേഗം നടപടിയെടുക്കേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതികൾ പരിഗണിക്കുന്നതിനും നടപടിയെടുക്കുന്നതിനും ആറു മുതൽ 37 ദിവസം വരെ വേണ്ടി വരുന്നതായി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മധ്യമേഖലാ വിജിലൻസ് എസ്പി വി.ജി വിനോദ്കുമാറിന്റെ നിർദേശ പ്രകാരം, വിജിലൻസ് ഡിവൈഎസ്പി പി.വി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷ്യസുരക്ഷാ ഓഫിസിലെ ഫാസ്ട്രാക്ക് പദ്ധതിയുടെ പേരിലും ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യമേഖലയിലെ നിർമ്മാതാക്കൾ, വിതരണക്കാർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്ക് പരിശീലന പദ്ധതിയ്ക്കായി 15000 രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഈ തുക പരിശീലന പദ്ധതി നടപ്പാക്കുന്ന ബെനിഫിഷ്യറീസിന്റെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കണമെന്നാണ് ചട്ടം. എന്നാൽ, പാലായിലും കോട്ടയത്തും ഭക്ഷ്യസുരക്ഷാ ഓഫിസർമാർ നേരിട്ട് ഈ തുക സ്വന്തം അക്കൗണ്ടിലേയ്ക്കു മാറ്റിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ കടുത്തുരുത്തിയിലെ ആകാശ് ചപ്പാത്തി മേക്കിംങ്, കേരള മിക്സ്ചറിന്റെയും, പാലായിലെ പ്രൊവിഷൻ സ്റ്റോറിൽ നിന്ന് പച്ചപ്പയറിന്റെ സാമ്പിൾ എടുത്തിരുന്നു. ലാബിൽ നടത്തിയ പരിശോധനയിൽ ഈ സാമ്പിളുകൾ സുരക്ഷിതമല്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഈ സാമ്പിളുകൾ പരിശോധിച്ച ശേഷം ഫലം ലഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷൻ നടപടിയ്ക്കുള്ള അനുമതി ലഭിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പാലാ ആർഡിഓ കോടതിയിൽ ഹാജരാക്കി തുടർ നടപടി സ്വീകരിക്കേണ്ട 2022 ലെ ആറ്, 2023 ലെ നാല്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കേണ്ടിയിരുന്ന 2020 ലെ ഒന്ന്, 2022 ലെ മൂന്ന്, 2023 ലെ ഒന്ന് എന്നീ കേസുകളുടെ റിപ്പോർട്ടുകൾ മനപൂർവം താമസിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2022 ലെ 212 , 2023 ലെ 11 സാമ്പിളുകൾ എടുത്തതിൽ പരിശോധന പൂർത്തിയായി പോസിറ്റീവ് എന്ന ഫലം ലഭിച്ച 11 സാമ്പിളുകളിൽ വിശദമായ പരിശോധന നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.