ദില്ലി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ അറിയിച്ചു. 19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 അർധരാത്രിയോടെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. ഇന്ന് (സെപ്റ്റംബർ 1) മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ലെന്ന് കമ്പനികൾ വ്യക്തമാക്കി.കഴിഞ്ഞ മാസവും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. തുടർച്ചയായി രണ്ടു മാസങ്ങളിലായി ആകെ 85 രൂപയാണ് വിലയിൽ കുറവ് വന്നത്.പുതിയ നിരക്കുകൾ പ്രകാരം ദില്ലിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1580 രൂപയായിരിക്കുമെന്ന് കമ്പനികൾ അറിയിച്ചു. കേരളത്തിൽ കൊച്ചിയിൽ ഇതിന്റെ വില 1587 രൂപയായി നിശ്ചയിച്ചിട്ടുമുണ്ട്.
വാണിജ്യ പാചക വാതക വില കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
