വിക്കറ്റിനു പകരം ശ്വാസം നൽകിയൊരു ഡൈവിന്റെ ബാക്കിപത്രമായ ചെളിയിൽ നിറഞ്ഞ ജെഴ്സിയെപ്പോലെ അയാൾ ചിന്തിയ വിയർപ്പും,രക്തവും വെള്ളം കോരിയവന്റെയും,വിറകു വെട്ടിയവന്റെയും പേരറിയാക്കഥകളിലെപ്പൊലെ വിസ്മൃതിയിലലിഞ്ഞു : ഇന്ത്യൻ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിന്റെ പിറന്നാൾ ദിനത്തിൽ ജിതേഷ് മംഗലത്ത് എഴുതുന്നു

ക്ലാസിക്ക് ക്രിക്കറ്റ്

ജിതേഷ് മംഗലത്ത്

ഒന്നോർത്തു നോക്കിയാൽ ഗൗതം ഗംഭീറിനെപ്പോലെ നിർഭാഗ്യവാനായ മറ്റൊരു ക്രിക്കറ്റർക്ക് ഇന്ത്യ ജന്മം കൊടുത്തിട്ടുണ്ടാവില്ല എന്നു തോന്നാറുണ്ട്.ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് കിരീടനേട്ടങ്ങൾക്കു പിന്നിലും അയാളുടെ റെസിലിയന്റ് ഇന്നിംഗ്സുകളാണ്.ഉപയോഗക്ഷമതയുടെ/എഫക്ടീവ്നെസ്സിന്റെ അളവുകോലെടുത്താൽ ഏറ്റവും ഇമ്പാക്ട്ഫുൾ ആയ രണ്ട് ഫൈനൽ ഇന്നിംഗ്സുകളുടെ ഉടയോൻ.എന്നിട്ടും വൈകാരികതകളുടെ കണക്കെടുപ്പിൽ ആ മനുഷ്യന്റെ,ഇന്ത്യ കണ്ട ഏറ്റവും മികച്ച രണ്ട് ലിമിറ്റഡ് ഓവർ ഇന്നിംഗ്സുകൾ,ഒരിക്കലൊരു ഫൈനൽ ഓവർ ഫീൽഡ് പ്ലേസിംഗിന്റെയും മറ്റൊരിക്കലൊരു സ്റ്റൈലൈസ്ഡ് ഫിനിഷിംഗിന്റെയും അലങ്കൃതമാക്കപ്പെട്ട വാഴ്ത്തുപാട്ടുകളിൽ മറഞ്ഞു.അവയിലൊരു മത്സരത്തിൽ വിക്കറ്റിനു പകരം ശ്വാസം നൽകിയൊരു ഡൈവിന്റെ ബാക്കിപത്രമായ ചെളിയിൽ നിറഞ്ഞ ജെഴ്സിയെപ്പോലെ അയാൾ ചിന്തിയ വിയർപ്പും,രക്തവും വെള്ളം കോരിയവന്റെയും,വിറകു വെട്ടിയവന്റെയും പേരറിയാക്കഥകളിലെപ്പൊലെ വിസ്മൃതിയിലലിഞ്ഞു.പലരും,പലതും,പല തവണയും ആഘോഷിക്കപ്പെട്ടപ്പോൾ സമാനമായ രണ്ടു സാഹചര്യങ്ങളിൽ ആർത്തലച്ചു വരുന്ന എതിർ നിരയെ ചിറകെട്ടിത്തടുത്ത,അവരുടെ പരിക്ഷീണനിമിഷങ്ങളിൽ തനിക്കു തന്നെ അപരിചിതമായ ആക്രമണോത്സുകതയോടെ പടയവരിലേക്കു നയിച്ച ഒരിടംകയ്യൻ ബാറ്റർ ആരുമല്ലാതായി,ഒന്നുമല്ലാതായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനഞ്ചു കൊല്ലം മുമ്പൊരു ‘കുട്ടി ലോകകപ്പിന്റെ’ഫൈനലിൽ പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോൾ ഗംഭീർ കൂട്ടത്തിലൊരുവൻ മാത്രമായിരുന്നു.ടൂർണമെൻറ്റിലുടനീളം പൾസേറ്റിങ്ങ് & ബ്രെത്ടേക്കിംഗ് ക്രിക്കറ്റ് കളിച്ച ധോണിയുടെ ടീമിൽ ഷോപീസ് മൊമന്റുകൾക്കുടയോന്മാരായി ഒരുപാടു പേരുണ്ടായിരുന്നു.ആറു സിക്സറുകൾക്കൊപ്പം,ഓസീസിനെ നാടു കടത്തിയ ദി മോസ്റ്റ് റൊമാന്റിക് ടി ട്വന്റി ഇന്നിംഗ്സിന്റെ ഗ്ലാമറുമായി യുവരാജ്,മിച്ചൽ ജോൺസണെതിരെപ്പോലും വാക്കിംഗ് ഡൗൺ ദി വിക്കറ്റ് ഷോട്ടുകൾ കളിക്കുന്ന ഫെറോഷ്യസ് റോബിൻ ഉത്തപ്പ,ഹൃദയം കൊണ്ട് പന്തെറിയുന്ന ശ്രീശാന്ത്..ഗ്ലാമർ ബോയ്സ് നിരവധിയായിരുന്നു.ധോണിയുടെ മാസ്റ്റർ സ്‌ട്രോക്കെന്ന് വാഴ്ത്തപ്പെട്ട യൂസഫ് പത്താന്റെ ആദ്യ ഓവറിലെ സിക്സർ കൂടിയായപ്പോൾ എന്നത്തെയും പോലെ ഗംഭീർ അപ്രസക്തനായ സെക്കന്റ് ഫിഡിലറായി മാറി.ആസിഫിനു മുമ്പിൽ പത്താന്റെ ചോരത്തിളപ്പ് മിഡ് ഓണിൽ അവസാനിച്ചപ്പോൾ ഗ്യാലറി ആർത്തു വിളിച്ചത് വൺ ഡൗണായിറങ്ങിയ ഉത്തപ്പയ്ക്കു വേണ്ടിയായിരുന്നു.ഉത്തപ്പ റിഥം കണ്ടെത്താൻ പാടുപെട്ടതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി.ആറാം ഓവറിൽ ഉത്തപ്പ മടങ്ങി.പന്തിനെ ടൈം ചെയ്യുന്നതിൽ പരാജയപ്പെട്ട യുവരാജ് സെമിയിലെ സ്ലോഗറുടെ നിഴൽ മാത്രമായപ്പോൾ ഗംഭീർ സ്റ്റെപ്പ് അപ് ചെയ്യാൻ തുടങ്ങുകയാണ്.ഹഫീസിന്റെ സ്പിന്നിനെ മിഡ് ഫീൽഡിലൂടെ അനായാസം സ്ളോഗ് സ്വീപ്പ് ചെയ്യുന്നിടത്ത് അന്നത്തെയയാളുടെ ആത്മവിശ്വാസം തെളിഞ്ഞു കാണാമായിരുന്നു.യുവരാജ് വ്യക്തമായും സ്ട്രഗിൾ ചെയ്യുമ്പോൾ കാൽക്കുലേറ്റഡ് റിസ്കുകളെടുക്കാൻ ഗംഭീർ തീരുമാനിക്കുകയാണ്.അഫ്രിഡിയെ ക്രീസിന്റെ സുരക്ഷിതത്വം വിട്ടിറങ്ങി കൗ കോർണറിലേക്കു പ്രഹരിക്കുന്ന ഒരു ഷോട്ടുണ്ട്;ബ്രൂട്ടലി എലഗെന്റ് ലെഫ്റ്റീ സ്റ്റഫ്!പാക് ബൗളർമാർ ടോസ് അപ് ചെയ്തപ്പോഴൊക്കെയും അയാൾ ഡാൻസിംഗ് ഡൗൺ ഷോട്ടുകൾ കളിച്ചു.ലെംഗ്ത്ത് ഷോർട്ടൻ ചെയ്യുമ്പോൾ ക്രീസിന്റെ ആഴമുപയോഗപ്പെടുത്തി ബാക്ക് ഫൂട്ടിൽ കട്ട് ചെയ്തു.പതിമൂന്നാം ഓവറിൽ ഇന്ത്യ 100 റൺസ് തികയ്ക്കുമ്പോൾ അതിൽ 60 ശതമാനവും ഈ ‘മറ്റൊരു ബാറ്ററു’ടെ ബാറ്റിൽ നിന്നായിരുന്നു.ആ മത്സരത്തിലെ ഇന്ത്യയുടെ സെലിബ്രേറ്റഡ് ബാറ്റർമാരുടെ സ്ട്രൈക്ക് റേറ്റിലൂടെ ഒന്നു കണ്ണോടിക്കുക.ഉത്തപ്പ-72,യുവി-73,ധോണി-60!!ഇനി ഗംഭീറിന്റേത് നോക്കുക.138!!!ഇന്ത്യ സ്കോർ ചെയ്ത റൺസിന്റെ 48 ശതമാനവും,സ്കോർ ചെയ്ത ബൗണ്ടറി ഷോട്ടുകളിൽ 59 ശതമാനവും അയാളുടേതാണ്.ദ മോസ്റ്റ് ക്രിമിനലി അണ്ടർറേറ്റഡ് ടി ട്വന്റി ഇന്നിംഗ്സ് ബൈ ആൻ ഇന്ത്യൻ!

അഞ്ചു വർഷങ്ങൾക്കു ശേഷം വാംഖഡെയിൽ,ആർത്തിരമ്പുന്ന ആരാധകരെ മുഴുവൻ ശ്മശാനമൂകതയിലാക്കിയ മലിംഗയുടെ ഒരോപ്പണിംഗ് സ്പെൽ ഓപ്പറേറ്റഡാകുന്ന സമയത്തും മറുവശത്ത് ഗംഭീറാകുന്നത് യാദൃശ്ചികമാകാൻ വഴിയില്ല.അയാൾ ഡെസ്റ്റിൻഡാവുകയാണ്.കൊടുങ്കാറ്റു പോലെ വീശിയടിക്കുന്ന ശ്രീലങ്കൻ പേസ് ബൗളിംഗിനെ ഗംഭീർ മെരുക്കുന്ന ഒരു ശൈലിയുണ്ട്;സിംപ്ലി ഔട്ടോഫ് ദി വേൾഡ്!അയാളാഗ്രഹിക്കുന്ന ഏരിയകളിൽ പന്തെറിയാൻ ബൗളറെ പ്രേരിപ്പിക്കുന്ന എന്തോ മന്ത്രവിദ്യ അന്നയാൾ സ്വായത്തമാക്കിയിരുന്നതു പോലെ തോന്നിച്ചു.ക്രീസ് വിട്ടിറങ്ങിയും,സ്റ്റമ്പ്സ് എക്സ്പോസ് ചെയ്തും,റോക്ക് സോളിഡ് ബാക്ക് ഫുട്ടിനാലും അയാൾ ബൗളർമാരെ ഹതാശരാക്കി.ടീമിലെ ഏറ്റവും ഡൊമിനന്റായ രണ്ടു ബാറ്റർമാരെ നഷ്ടപ്പെട്ടതിന്റെ ആകുലതയോ,വിരാട് കോലിയെപ്പോലൊരു റൂക്കി ബാറ്റ്സ്മാനുണ്ടായേക്കാവുന്ന ബിഗ് സ്റ്റേജ് ആശങ്കകളോ ആസ്കിംഗ് റേറ്റിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടുള്ള ഒരു മാസ്റ്റർ ക്ലാസ് ചേസ് ഡിസൈനിംഗായിരുന്നു അത്.അതിലൊരിടത്തു പോലും ലങ്കൻ ബൗളർമാർക്ക് തങ്ങൾക്കീ ദുർഗം ഭേദിക്കാനാവുമെന്ന പ്രതീക്ഷ ഉണ്ടാവാത്ത വിധം സോളിഡായിരുന്നു ആ ഇന്നിംഗ്സിലെ ഷോട്ട് സെലക്ഷനുകൾ.ഒടുവിൽ ലക്ഷ്യത്തിന് നാൽപ്പത്തെട്ട് റൺസകലെ അയാൾ പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് തോൽക്കാനാണ് പ്രയാസമെന്ന നിലയെത്തിയിരുന്നു.ചെളി പുരണ്ട ജെഴ്സിയും,ചുണ്ടിലൊരു വരണ്ട ചിരിയുമായി ഡ്രെസിംഗ് റുമിലേക്കു മടങ്ങുമ്പോൾ മറ്റൊരിക്കൽ കൂടി തന്റെയൊരു ‘ഫൈനൽ ഇന്നിംഗ്സ്’ അതർഹിക്കുന്ന ആദരവിന്റെ രജതരേഖകൾക്ക് കാതങ്ങൾക്കകലെ ഫിനിഷ് ചെയ്യപ്പെടുമെന്ന് അയാളൂഹിച്ചിട്ടുണ്ടാവില്ല.
ജന്മദിനാശംസകൾ ഗൗതം ഗംഭീർ ❤️

Hot Topics

Related Articles