കോട്ടയം : മാങ്ങാനത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിൽ നിന്നും പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ കാണാതായി. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ കൂടിയാണ് കുട്ടികളെ കാണാതായത്. അധികൃതർ അറിയിച്ചതനുസരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടതും, വിവിധ സാഹചര്യങ്ങളിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയും ചൈൽഡ് ലൈനും ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 5:30 യോടു കൂടി സെൽട്ടർ അധികൃതർ നടത്തിയ പരിശോധനയിലാണ് കുട്ടികൾ റൂമിൽ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 9 കുട്ടികളെ കാണാനില്ലെന്ന് കണ്ടെത്തിയത്. കാണാതായ കുട്ടികൾക്കായി വിശദമായ അന്വേഷണം ആരംഭിച്ചതായി കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു.