കോട്ടയം : രാത്രിയിൽ വഴിനീളെ ഉറക്കമളച്ചു കാത്തിരുന്നു വണ്ടിക്ക് കൈകാട്ടുന്നതിനും , രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും നാട്ടുകാരുടെ തെറിയേറെ വാങ്ങിക്കൂട്ടുന്ന രണ്ടു കൂട്ടരാണ് ഇന്നലെ ഒരു ജീവന് കാവലായത്. മണിക്കൂറുകളോളം കാറിന്റെ ബോണറ്റിലെ ചൂടിലിരുന്ന് പുകഞ്ഞ് പ്രാണന് വേണ്ടി പടപൊരുതിയ ഒരു പാവം പൂച്ചയ്ക്ക് കാവലായത് ആ രണ്ടു കൂട്ടരായിരുന്നു. കാക്കിയും കർഷക സംഘം വോളണ്ടിയർമാരും കൈകോർത്തതോടെയാണ് , ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പൂച്ചയ്ക്ക് പുനർജന്മമായത്. കാറിൻറെ ബോണറ്റിലെ ചൂടിൽ നിന്ന് പ്രാണനും കൊണ്ട് പുറത്തേക്ക് ഓടുമ്പോൾ അവൻ മനുഷ്യന് നന്ദി പറയാൻ നിന്നില്ല ! ചൊവ്വാഴ്ച അർദ്ധരാത്രിയിലെ നഗര മധ്യത്തിൽ നിറഞ്ഞ ചന്ദ്രനാണ് , ജീവനുവേണ്ടിയുള്ള ഒരു മിണ്ടാപ്രാണിയുടെ പിടച്ചിലിനും മനുഷ്യരുടെ കൈത്താങ്ങിനും സാക്ഷിയായത്.
ചൊവ്വാഴ്ച അർദ്ധരാത്രിയിൽ 12 മണിയോടെ കോട്ടയം ജോസ്കോ ജ്വല്ലറിക്ക് മുന്നിൽ റോഡിൽ കാവൽ നിന്ന പോലീസ് ഉദ്യോഗസ്ഥരാണ് ആ മിണ്ടാപ്രാണിയുടെ ജീവിതത്തിലേയ്ക്ക് കൈ നീട്ടിയത്. ആലപ്പുഴയിൽ നിന്നും വൈക്കത്തേക്ക് കാറിൽ സഞ്ചരിയ്ക്കുകയായിരുന്നു ഒരു സംഘം. പതിവ് പരിശോധനയുടെ ഭാഗമായാണ് കൺട്രോൾ റൂം പോലീസ് സംഘം സെൻട്രൽ ജംഗ്ഷനിൽ നിന്ന് കാറിന് കൈകാട്ടിയത്. കാറിനുള്ളിൽ ഇരുന്ന യാത്രക്കാരുടെ പേരും വിലാസവും അടക്കമുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനിടയാണ് , പൊലീസ് ഉദ്യോഗസ്ഥർ ഉള്ളിൽ നിന്ന് ഒരു പൂച്ചയുടെ കരച്ചിൽ കേട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മ്യാവു മ്യാവു… നിർത്താതെയുള്ള കരച്ചിൽ കേട്ട് വണ്ടിക്കുള്ളിൽ പൂച്ച ഉണ്ടോ എന്ന് തിരയാൻ യാത്രക്കാരോട് പോലീസുകാർ ആവശ്യപ്പെട്ടു. കുറച്ചധികം നേരം തിരഞ്ഞിട്ടും കാറിനുള്ളിൽ നിന്ന് പൂച്ചയുടെ പൊടി പോലും കണ്ടെത്താനായില്ല. ഈ സമയത്താണ് കാറിന്റെ ബോണത്തിനുള്ളിൽ പൂച്ച ഉണ്ടാകാം എന്ന സംശയം പോലീസ് ഉദ്യോഗസ്ഥർക്ക് ഉദിച്ചത്. കുറച്ച് അധികനേരമായി ജോസ്കോ ജ്വല്ലറിക്ക് മുന്നിൽ പോലീസുകാരും കാർ യാത്രക്കാരും കൂട്ടംകൂടി നിൽക്കുന്നത് കണ്ട് സംശയം തോന്നിയാണ് കർഷകസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വോളണ്ടിയർമാർ ഇവിടേയ്ക്ക് എത്തിയത്.
ഇവർ കൂടി എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരും കാർ യാത്രക്കാരും ചേർന്ന് കാറിന്റെ ബോണറ്റ് തുറന്നു. ബോണറ്റിനുള്ളിൽ നിന്നും പൂച്ചയുടെ കരച്ചിൽ കേട്ടെങ്കിലും , പൂച്ചയെ കണ്ടെത്താൻ സാധിച്ചില്ല. ആലപ്പുഴ മുതൽ കോട്ടയം വരെ ഓടിയെത്തിയ കാറിന്റെ ബോണറ്റ് ആകട്ടെ പുകഞ്ഞ് പഴുത്തിരിക്കുകയും ആയിരുന്നു. ഒടുവിൽ കുറച്ച് അധികനേരം തിരഞ്ഞതോടെ ബോണറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പൂച്ചയെ കണ്ടെത്തി. പൂച്ചയെ ഏതു വിധേനെയും രക്ഷിക്കാനായി കർഷകസംഘം വളണ്ടിയർമാരുടെയും പോലീസിന്റെയും ശ്രമം. കയ്യിലിരുന്ന കമ്പും വടിയും ഇട്ട് കുത്തിയും തട്ടിയും മുട്ടിയും എല്ലാം ശ്രമിച്ചെങ്കിലും പൂച്ച ഉള്ളിൽ കുടുങ്ങി തന്നെ കിടന്നു. ഒടുവിൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷം പൂച്ച എങ്ങനെയോ പിടിവിട്ടു വഴിയിൽ ചാടി. ആശ്വാസത്തിൽ നിന്ന് ആ മനുഷ്യരുടെ മുന്നിലൂടെ ഒരൊറ്റ ഓട്ടമായിരുന്നു നന്ദി പോലും പറയാൻ നിൽക്കാതെ !
മനുഷ്യജീവന് രാത്രിയിൽ കാവൽ നിൽക്കുമ്പോഴും മിണ്ടാപ്രാണി വന്നാലും തങ്ങളുടെ മുന്നിൽ സുരക്ഷിതരാണെന്ന് തെളിയിക്കുകയാണ് കോട്ടയത്തെ കാക്കി അണിഞ്ഞ പോലീസ് മാമന്മാർ. ബോണറ്റിനുള്ളിൽ തന്നെയും വെച്ച് എത്തിയ കാർ യാത്രക്കാർ കളം വിട്ടിട്ടും ആ പൂച്ച സർ കോട്ടയം ടൗണിൽ തന്നെയുണ്ട്. നാളെ പേടി മാറിയിട്ട് വേണം പോലീസ് മാമന്മാരെ കണ്ടു ഒരു നല്ല വാക്ക് പറയാൻ.