പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ പോളിംഗ് ബൂത്തിന്റെ ഉദ്ഘാടനം വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാതൃകാ ബൂത്ത് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുള്ളതാണ്.
പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഹരിതചട്ടവുമായും വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നല്‍കാന്‍ ലഘുലേഖയും ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് സംശയങ്ങള്‍ പരിഹരിക്കുന്നതിനും മാതൃകാ ബൂത്തില്‍ സൗകര്യമുണ്ട്. തെരഞ്ഞെടുപ്പ് ദിവസം വരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നൂറ് ശതമാനം കോട്ടണ്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുളളതാവണം. വോട്ടെടുപ്പിന് ശേഷം പ്രചരണത്തിന് ഉപയോഗിച്ച ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ അന്നുതന്നെ അഴിച്ചുമാറ്റുകയും മറ്റു മാലിന്യങ്ങള്‍ ഹരിതകര്‍മസേന, അംഗീകൃത ഏജന്‍സികള്‍ എന്നിവയ്ക്ക് കൈമാറുകയും വേണം. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി പത്മചന്ദ്രകുറുപ്പ്, സ്വീപ് നോഡല്‍ ഓഫീസര്‍ ബിനുരാജ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.