തിരുവനന്തപുരം: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പാക്കിയതിനുശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുന്നു. നിലവിലെ അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നാല് നികുതി തട്ടുകൾ ഇനി രണ്ടാക്കി ചുരുക്കും. അഞ്ച് ശതമാനവും 18 ശതമാനവും ആയിരിക്കും പുതുക്കിയ നിരക്കുകൾ. അതേസമയം ആഡംബര ഉത്പന്നങ്ങൾക്കും ആരോഗ്യത്തിന് ഹാനികരമായ പുകയില, സിഗരറ്റ്, ലോട്ടറി മുതലായവയ്ക്കും 40 ശതമാനം ഉയർന്ന ജിഎസ്ടി നിരക്ക് നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.പുതിയ ഭേദഗതി നടപ്പിലാകുമ്പോൾ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളിൽ ഭൂരിഭാഗത്തിന്റെയും വില കുറയും. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ, ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയ്ക്കും വില കുറയാനാണ് സാധ്യത.
ഉപഭോക്തൃ ഉത്പന്നങ്ങളുടെയും ഇടത്തരം വാഹനങ്ങളുടെയും വിലയിൽ വലിയ മാറ്റമുണ്ടാകുമെന്ന് നിർമ്മാണ കമ്പനികൾ വ്യക്തമാക്കി. കാർ കമ്പനികൾ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.പുതുക്കിയ നിരക്കുകൾ പ്രകാരം വിലക്കുറവ് തിങ്കളാഴ്ച മുതൽ തന്നെ പ്രദർശിപ്പിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ വിൽപ്പനയ്ക്കെത്തിയ ഉത്പന്നങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കണമെന്ന നിർദേശം പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ഭാഗികമായി ഇളവുകൾ നൽകി.വ്യാപാരികൾ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ പുതുക്കലുകൾ നടത്തണം. ജിഎസ്ടി മാറുന്ന ഉത്പന്നങ്ങൾ സ്റ്റോക്കിലുണ്ടെങ്കിൽ, ഞായറാഴ്ചയിലെ ക്ലോസിങ് സ്റ്റോക്ക് പ്രത്യേകം രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.പരിഷ്കരണത്തിന്റെ ഭാഗമായി ലൈഫ്, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് പോളിസികളിലും 33 ജീവൻ രക്ഷാമരുന്നുകളിലും ഇനി ജിഎസ്ടി ഇല്ല. ഇന്ത്യൻ റൊട്ടിവിഭവങ്ങളും ജിഎസ്ടി രഹിത വിഭാഗത്തിൽപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയും കുറച്ചു. ലിറ്ററിന് 15 രൂപയായിരുന്നത് 14 രൂപയായും അര ലിറ്ററിന് 10 രൂപയിൽ നിന്ന് 9 രൂപയായും കുറയും. റെയിൽവേയും ഐആർസിടിസിയും അംഗീകരിച്ച മറ്റ് ബ്രാൻഡുകളുടെയും വിലക്കുറവ് ബാധകമായിരിക്കും.