ഡല്‍ഹി : ചോദ്യക്കോഴ സംബന്ധിച്ച പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വ്യാഴാഴ്ച ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി മുമ്പാകെയെത്തി വിശദീകരണം നല്‍കും.വ്യാഴാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന കമ്മിറ്റി ചെയര്‍മാന്റെ നിര്‍ദേശത്തിന് വഴങ്ങിയാണിത്. അതേസമയം, പാര്‍ലമെന്റ് സമിതി നടപടികളുടെ ഭാഗമായി തനിക്ക് സമൻസ് അയച്ചതിന്റെ വിശദാംശങ്ങള്‍ ചെയര്മാൻ മാധ്യമങ്ങള്‍ക്കു നല്‍കിയത് അനുചിതമാണെന്ന വിശദീകരണത്തോടെ, നേരത്തേ ചെയര്മാന് താൻ നല്കിയ കത്തിന്റെ പകര്‍പ്പ് മഹുവ മൊയ്ത്ര പുറത്തുവിട്ടു.
നവംബര്‍ രണ്ടിന് നിര്‍ബന്ധമായും ഹാജരായില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് സൂചിപ്പിച്ച് മഹുവക്ക് നല്കിയ കത്തിന്റെ വിശദാംശങ്ങളാണ് എത്തിക്സ് കമ്മിറ്റി ചെയര്മാൻ മാധ്യമങ്ങള്‍ക്കു നല്‍കിയത്. ചോദ്യക്കോഴ സംബന്ധിച്ച പരാതിയില്‍ കഴമ്പില്ലെന്ന് സമിതിയെ ബോധ്യപ്പെടുത്തുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ചോദ്യക്കോഴ സംബന്ധിച്ച പരാതി ക്രിമിനല്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്നതാണ്. അത് പരിശോധിക്കേണ്ടത് നിയമപരമായി ചുമതലപ്പെട്ടവരാണ്, പാര്‍ലമെന്റ് സമിതിയല്ല. കോഴ നല്കിയെന്നു പറഞ്ഞ വ്യവസായി ദര്ശൻ ഹീരാനന്ദാനി, അഭിഭാഷകൻ ജയ് ആനന്ദ് എന്നിവരെ ക്രോസ് വിസ്താരം ചെയ്യാൻ തനിക്ക് അവസരം നല്‍കണമെന്നും മഹുവ ആവശ്യപ്പെട്ടു.