ഹൈദരാബാദ് : “ആദിപുരുഷ്’ സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കണമെന്നായിരുന്നു നിർമ്മാതാവ് ഓം റൗത്തിന്റെ അഭ്യർത്ഥന. തീയറ്റർ ഉടമകൾ അത് നിറവേറ്റുകയും ചെയ്‌തു. തെലങ്കാനയിലെ ഹൈദരാബാദിലെ ഭ്രമരംബ തിയേറ്ററിൽ ഹനുമാന് മാറ്റിവച്ച സീറ്റിൽ ഇരുന്ന യുവാവിന് മർദനമേറ്റു എന്നാണ് പുറത്തുവരുന്ന വാർത്ത. ട്വിറ്ററിലാണ് മർദനമേറ്റെന്നുള്ള വിവരവും വീഡിയോയും പ്രചരിക്കുന്നത്.
റിസർവ് ചെയ്‌ത സീറ്റിൽ കാവി തുണിയും പഴവർഗങ്ങളും, ഹനുമാന്റെ വിഗ്രഹം വരെ വച്ചാണ് തിയറ്ററുകളിൽ അലങ്കരിച്ചിരിക്കുന്നത്. സിനിമയ്‌ക്കെതിരെ മോശം റിവ്യൂ പറഞ്ഞ പ്രേക്ഷകനെ പ്രഭാസ് ആരാധകര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കര്‍ണാടകയിലെ ഒരു തിയേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പ്രഭാസ് ആരാധകര്‍ ക്ഷുഭിതരായത്. സിനിമയെപ്പറ്റി മോശം റിവ്യൂകളാണ് പുറത്തുവരുന്നതും.