ചെന്നൈ: തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ‘തലൈവന്’ രജനീകാന്തിന്റെ 72മത് ജന്മദിനമാണ് ഇന്ന്. പ്രിയ നായകന്റെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകരും തയ്യാറെടുപ്പിലാണ്. രജനി ഫാന്‍സ്. തമിഴ്നാട്ടില്‍ അടക്കം വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇപ്പോള്‍ തന്നെ ട്വിറ്ററില്‍ #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്. ജയിലറാണ് രജനികാന്തിന്റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി സ്റ്റൈല്‍‘ എന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയും. കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനിയിലെ നടന് കൈമുതലാക്കിയത്.