ഹർദിക് പാണ്ഡ്യ ചന്ദ്രനില്‍ നിന്ന് പൊട്ടിവീണതാണോ..ഇന്ത്യൻ ടീമില്‍ അവന് മാത്രം പ്രത്യേകം നിയമം വല്ലതുമുണ്ടോ : ഹർദ്ദിക്കിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ന്യൂസ് ഡെസ്ക് : ഐ.പി.എല്ലിനുള്ള ഒരുക്കങ്ങള്‍ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരങ്ങള്‍ക്കെതിരെ നേരത്തേ ബി.സി.സി.ഐ വടിയെടുത്തിരുന്നു.ഇന്ത്യൻ താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും ബി.സി.സി.ഐയുടെ കരാർ പട്ടികയില്‍ നിന്ന് പുറത്തായി. എന്നാല്‍ ബി.സി.സി.ഐ ചില താരങ്ങളോട് മാത്രമാണ് ഇത്തരത്തില്‍ പ്രതികാര നടപടി കൈക്കൊള്ളുന്നത് എന്നും മറ്റു ചിലർക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ലെന്നും പറയുകയാണിപ്പോള്‍ മുൻ ഇന്ത്യൻ താരമായ പ്രവീണ്‍ കുമാർ. ഹർദിക് പാണ്ഡ്യക്കെതിരെയാണ് പ്രവീണ്‍ കുമാർ രൂക്ഷ വിമർശനമുന്നയിച്ചത്. വർഷങ്ങളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ടെസ്റ്റ് ക്രിക്കറ്റിലോ കളിക്കാതിരിക്കുന്ന ഹർദിക് ആകാശത്ത് നിന്ന് പൊട്ടി വീണതാണോ എന്നാണ് പ്രവീണ്‍ കുമാർ ചോദിക്കുന്നത്.

Advertisements

”ഹർദിക് പാണ്ഡ്യ ചന്ദ്രനില്‍ നിന്ന് പൊട്ടിവീണതാണോ..ഇന്ത്യൻ ടീമില്‍ അവന് മാത്രം പ്രത്യേകം നിയമം വല്ലതുമുണ്ടോ. ചെവിക്ക് പിടിച്ച്‌ ആഭ്യന്തര ലീഗില്‍ കളിക്കാൻ ബി.സി.സി.ഐ അവനോട് പറയണം”- പ്രവീണ്‍ കുമാർ ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തേ ഇര്‍ഫാന്‍ പത്താനും പാണ്ഡ്യക്കെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു. ശ്രേയസ് അയ്യരുടേയും ഇഷാൻ കിഷന്റേയും വർഷിക കരാർ റദ്ദാക്കിയ ബിസിസിഐ നടപടിയെ ചോദ്യം ചെയ്താണ് പത്താന്‍ രംഗത്തെത്തിയത്. ഐപിഎല്ലിനായി തയ്യാറെടുക്കുന്ന ഹാർദിക് പാണ്ഡ്യയ്ക്ക് ഈ നിയമം ബാധകമല്ലേയെന്ന് ഇർഫാൻ എക്‌സില്‍ കുറിച്ചു. ”കിഷനും ശ്രേയസും കഴിവുള്ള താരങ്ങളാണ്. അവർ ശക്തമായി മടങ്ങിയെത്തുമെന്ന് കരുതുന്നു. എന്നാല്‍ ഹാർദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കാത്ത സന്ദർഭങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതല്ലേ. ഇത് എല്ലാവർക്കും ബാധകമല്ലെങ്കില്‍ ബിസിസിഐ ആഗ്രഹിച്ച ഫലം കൈവരില്ല’- മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

രഞ്ജി കളിക്കാതെ ഐപിഎല്ലിനായി തയാറെടുക്കുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ദേശീയ ടീമില്‍ ഇല്ലാത്ത താരങ്ങള്‍ എത്ര സീനിയറായാലും രഞ്ജി ട്രോഫിയില്‍ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശമാണ് ബിസിസിഐ പുറപ്പെടുവിച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇഷാനും അയ്യരും രഞ്ജി കളിക്കാനില്ലെന്ന് തീരുമാനിച്ചത്. 

പരിക്കൊന്നുമില്ലാതിരുന്നിട്ടും സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിന്റെ രഞ്ജി ടീമില്‍ കളിക്കാൻ ഇഷാൻ കിഷൻ തയാറായിരുന്നില്ല. പരിശീലകൻ രാഹുല്‍ ദ്രാവിഡിന്റെ നിർദേശം പോലും അവഗണിച്ചായിരുന്നു 25 കാരന്റെ പെരുമാറ്റം. ഇതോടെയാണ് കർശന നിർദേശവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ചിലർ ഇപ്പോഴേ ഐപിഎല്‍ മോഡിലാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി. 

ശ്രേയസ് അയ്യറും രഞ്ജിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടുവേദനയുള്ളതിനാല്‍ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു താരം പറഞ്ഞത്. രഞ്ജി ക്വാർട്ടർ പോരാട്ടത്തില്‍ മുംബൈക്കായി ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്രേയസ് നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. എന്നാല്‍ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തതായും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബി.സി.സി.ഐക്ക് റിപ്പോർട്ട് നല്‍കി. ഇന്ത്യൻ ടീം വിട്ടതിന് ശേഷം താരത്തിന് മറ്റ് പരിക്കുകളൊന്നുമുണ്ടായിട്ടില്ല എന്ന് ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ സ്‌പോർട്‌സ് ആൻഡ് സയൻസ് മെഡിസിൻ വിഭാഗം മേധാവി നിതിൻ പട്ടേല്‍ അയച്ച റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ബി.സി.സി.ഐ നടപടിക്ക് പിറകേ അയ്യര്‍ രഞ്ജി ട്രോഫി ഫൈനലില്‍ കളത്തിലിറങ്ങി.

Hot Topics

Related Articles