നാവിലിട്ടാൽ അലിഞ്ഞു പോകുന്ന വെണ്ണ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. വൈറ്റമിൻ എയുടെ ഉറവിടമായ വെണ്ണ കാഴ്ചശക്തിക്കും ചർമത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും വളരെ ഗുണകരമാണ്. ബട്ടറിൽ കൊളസ്ട്രോൾ ധാരാളമുണ്ട്. അതുകൊണ്ടു തന്നെ മിതമായ അളവിൽ ഇത് ഉപയോഗിക്കേണ്ടതാണ്. ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും ശീലമാക്കേണ്ടതാണ്. എന്നാൽ പ്രമേഹരോഗികൾക്ക് ബട്ടർ കഴിക്കാമോ?
മിതമായ അളവിൽ ഉപ്പില്ലാത്ത ബട്ടർ പ്രമേഹം ഉള്ളവർക്ക് കഴിക്കാവുന്നതാണ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട, ശരീരത്തിനാവശ്യമായ കാൽസ്യം, കോളിൻ, വൈറ്റമിൻ എ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ബട്ടറിലുണ്ട്. ഒപ്പം പഞ്ചസാര അധികമില്ല എന്നതും ഗുണകരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവസവും ഒരു ടേബിൾ സ്പൂൺ (14 ഗ്രാം) ബട്ടർ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 4 ശതമാനം കുറയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പ്രോട്ടീനും കഴിക്കുന്നതിനോടൊപ്പം അവർ ബട്ടർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
വേവിച്ച പച്ചക്കറികൾ, പരിപ്പ്, മുഴുധാന്യ ടോസ്റ്റ്, സൂപ്പ് ഇവയ്ക്ക് രുചി കൂട്ടാൻ ബട്ടർ ചേർക്കാം. എന്നാൽ കാലറിയും കൊഴുപ്പും കൂടിയഭക്ഷണത്തോടൊപ്പം ബട്ടർ കഴിക്കരുത് എന്നു മാത്രം.
വെണ്ണ പ്രധാനമായും പശുവിൻ പാലിൽ നിന്നാണ് ഉണ്ടാക്കുന്നത്. ആട്, എരുമ ഇവയുടെ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കാം.
ഒരു ടേബിൾ സ്പൂൺ ഉപ്പില്ലാത്ത ബട്ടറിൽ 102 കാലറി ഉണ്ട്. പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം, സോഡിയം, വൈറ്റമിൻ എ, ഫോസ്ഫറസ്, പൊട്ടാസ്യം, കൊളസ്ട്രോൾ (30.5 മി.ഗ്രാം), കോളിൻ എന്നിവയും ബട്ടറിൽ ഉണ്ട്.
ഒരു ടേബിൾസ്പൂൺ (14 ഗ്രാം) ബട്ടറിൽ 11.5 ഗ്രാം കൊഴുപ്പുണ്ട്. ബട്ടറിലെ കൊഴുപ്പിൽ ഭൂരിഭാഗവും പൂരിതകൊഴുപ്പാണ്. ഇത് കൂടിയ അളവിൽ കഴിക്കുന്നത് നല്ലതല്ല.
വെണ്ണയിൽ കോളിൻ അടങ്ങിയിട്ടുള്ളതിനാൽ കരളിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെയും മെച്ചപ്പെടുത്തുന്നു. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ ധാതുക്കളും മിതമായ അളവിൽ ബട്ടറിൽ അടങ്ങിയിട്ടുണ്ട്. അന്നജം വളരെ കുറഞ്ഞ ഭക്ഷണം ആയ ബട്ടറിന് ഗ്ലൈസെമിക് ഇൻഡക്സ് ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന അന്നജം ഇല്ലാത്ത ബട്ടറിൽ കൊഴുപ്പ് മാത്രമാണുള്ളത്. പൂരിത കൊഴുപ്പ് ആണ് ബട്ടറിൽ ഉള്ളത്.
ബട്ടർ കൂടിയ അളവിൽ കഴിച്ചാൽ ശരീരഭാരം കൂടും. ബട്ടർ സോർട്ടഡ്, അൺസാൾട്ടഡ് എന്നിങ്ങനെ രണ്ടുതരത്തിൽ ഉണ്ട്. ഇതിൽ ഉപ്പില്ലാത്ത ബട്ടർ ആണ് നല്ലത്. ഉപ്പുള്ള ബട്ടർ കൂടിയ അളവിൽ കഴിക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂട്ടും. ഇത് രക്തസമ്മർദം കൂടാൻ കാരണമാകും.