ആരോഗ്യ വകുപ്പിൻ്റെ ഹൃദ്യം വഴി ജീവതവും ജീവനുമേകിയത് 5805 കുട്ടികൾക്ക്; പ്രതീക്ഷയോടെ കാത്തിരിക്കുന്നത് 17256 കുരുന്നുകൾ 

തിരുവനന്തപുരം: ഹൃദ്രോഗം മൂലമുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നല്‍കിയ ഹൃദ്യം പദ്ധതിയിലൂടെ 5,805 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഈ വര്‍ഷം മാത്രം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിവഴി നടത്തി. ഒരു വയസിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിലുണ്ട്.

Advertisements

പദ്ധതിയില്‍ 17,256 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 10,818 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ഈ വര്‍ഷം മാത്രം 1661 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം 112 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 60 ശസ്ത്രക്രിയകള്‍ ഉടന്‍ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികളിലെ ഹൃദ്രോഗത്തിന് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും പരിശോധനയ്ക് വിധേയമാക്കും. ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ, ECHO ഉള്‍പ്പെടെയുളള പരിശോധന വഴി രോഗ നിര്‍ണയം നടത്തും.

ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളയില്‍ കുട്ടികളെ പരിശോധിക്കുന്നതിലൂടെയും, അംഗണവാടികളിലും, സ്‌കൂളുകളിലും നടത്തപ്പെടുന്ന ആര്‍.ബി.എസ്.കെ സ്‌ക്രീനിംഗ് വഴിയും ഹൃദ്രോഗ ലക്ഷണമുളള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഹൃദ്യം പദ്ധതിയിലൂടെ സാധിക്കുന്നു. രോഗനിര്‍ണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച്‌ പട്ടിക തയ്യാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കുകയും ചെയ്യും.

ആര്‍.ബി.എസ്.കെ പദ്ധതിയിലൂടെ ആറ് ആഴ്ച്ച മുതല്‍ മൂന്ന് വയസുവരെ പ്രായമുള്ള 3,59,790 കുട്ടികളെ പരിശോധിച്ചു. ഇതില്‍ 1,81,943 ആണ്‍ കുട്ടികളും 1,77,847 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്നു. മൂന്ന് മുതല്‍ ആറ് വയസുവരെ പ്രായമുള്ള 2,24,211 കുട്ടികളേയും ആറ് മുതല്‍ 18 വയസുവരെ പ്രായമുള്ള 10,52,136 കുട്ടികളേയും ആര്‍.ബി.എസ്.കെ പദ്ധതിയിലൂടെ പരിശോധനയ്ക് വിധേയരാക്കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കുട്ടിയെ വെന്റിലേറ്റര്‍ സഹായത്തോടെ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നുണ്ട്. എട്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുണ്ട്. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി ലിസി ഹോസ്പിറ്റല്‍, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സ്, തിരുവനന്തപുരം ശ്രീ അവിട്ടം തിരുന്നാള്‍ ഹോസ്പിറ്റല്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് അവ.

അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കും. അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലന്‍സ് സംവിധാനവും പദ്ധതി ഉറപ്പാക്കുന്നു.

ഹൃദ്യം പദ്ധതിയിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സയും സാധ്യമാക്കുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനുമായി തുടര്‍പിന്തുണാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ആര്‍.ബി.എസ്.കെ നഴ്‌സുമാരെക്കൂടി ഉള്‍പ്പെടുത്തി ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തില്‍ ഇടപെട്ടു കുഞ്ഞുങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കാനും ദേശീയ ആരോഗ്യ ദൗത്യവും ഐ.റ്റി വിഭാഗവും സ്റ്റേറ്റ് ആര്‍.ബി.എസ്.കെ വിഭാഗവും സംയുക്തമായി ഹൃദ്യം വെബ് സൈറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്.

രോഗമുളള കുട്ടികളെ കണ്ടെത്തി വെബ്‌സൈറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്യുകയും അവരുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യും.

നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നല്കിയിട്ടുള്ളത്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സകള്‍ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. ഇങ്ങനെയുള്ള 237 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലാണ് നടത്തുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.