ബത്തേരി : ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരിൽ പോയി പിടികൂടിയത്.
കേരള പോലീസ് തന്നെ തിരക്കി രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി തട്ടിയെടുത്ത തുക ഉടൻ തന്നെ യുവാവിന് അയച്ചു നൽകി. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസിൽ യുവാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോൾ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം സ്വീകരിച്ചത്.
എസ്.ഐ ബിനോയ് സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ എ, ഷുക്കൂർ പി.എ, അനീസ്, സി.പി.ഒ വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അപരിചിതരുടെ സൗഹൃഭാഭ്യർഥനകളും വീഡിയോ കോളുകളും ഒരു കാരണവശാലും സ്വീകരിക്കരുത്. പണം നഷ്ടമായാൽ ഉടൻ തന്നെ 1930 ൽ സൈബർ പോലീസിനെ അറിയിക്കുക.