വൈക്കത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം: ഹണിട്രാപ്പ് ഒരുക്കിയ പ്രധാന പ്രതി പിടിയിൽ; പിടിയിലായത് വൈക്കം പൊലീസിന്റെ നീക്കത്തിനൊടുവിൽ

കോട്ടയം: വൈക്കത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കേസിലെ പ്രതിയായ പൂഞ്ഞാർ തെക്കേക്കര മണിയാംകുന്ന് ഭാഗത്ത് കിടങ്ങത്ത് കരോട്ട് വീട്ടിൽ സിജോ ജോസഫിനെ(38)യാണ് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മൂന്നു മാസം മുൻപ് നടന്ന കേസിൽ പ്രതികളിൽ മൂന്നു പേരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയും, ഗൂഡാലോചന സംഘത്തിലെ പ്രധാനിയുമായ സിജോ ഒളിവിലായിരുന്നു. ഇതേ തുടർന്നു ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനിടെ, പ്രതിയെപ്പറ്റി സൂചന ലഭിക്കുകയായിരുന്നു. തുടർന്നു, വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ നാസർ, എ.എസ്.ഐ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ സെയ്ഫുദീൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles