ശാരീരിക പീഡനത്തിന് ഭര്‍ത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുകാര്‍ സേനയ്ക്ക് അപമാനം: വനിതാ കമ്മീഷൻ

കോഴിക്കോട് : ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. പന്തീരങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് വനിതാ കമ്മിഷൻ അധ്യക്ഷയുടെ വിമർശനം. പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴുള്ള എസ്‌എച്ച്‌ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ടെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന്‍ നല്‍കും. സ്ത്രീധന നിരോധന നിയമം ഭേദഗതി വരുത്തി ശക്തമാക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഗുരുതരമായ ശാരീരിക പീഡനങ്ങള്‍ക്കാണ് പെണ്‍കുട്ടി ഇരയായിട്ടുള്ളത്. പെണ്‍കുട്ടിയെ ഭര്‍ത്തൃവീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ബോധമില്ലായിരുന്നു എന്നും ബോധം തെളിഞ്ഞപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് എന്നും പെണ്‍കുട്ടി പറഞ്ഞു. കുളിമുറിയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് കൊണ്ടുചെന്നതെന്ന് ഭര്‍ത്തൃവീട്ടുകാര്‍ ആശുപത്രി അധികൃതരോടു പറയുന്നത് പെണ്‍കുട്ടി കേട്ടു.

മദ്യലഹരിയില്‍ ഫോണിന്റെ കേബിള്‍ കഴുത്തിലിട്ടു കുരുക്കി ഉള്‍പ്പെടെയാണ് ഭര്‍ത്താവ് പെണ്‍കുട്ടിയെ പരിക്കേല്‍പ്പിച്ചിട്ടുള്ളത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ നിലയിലുള്ള പെണ്‍കുട്ടിയുടെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടു. ഗുരുതര പരാതി നല്‍കിയ പെണ്‍കുട്ടിയോട് ഭര്‍ത്താവുമായി ഒത്തുപോകണം എന്ന് പൊലീസ് നിര്‍ദേശിച്ചതായി ആരോപണമുണ്ട്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തേണ്ടിയിരുന്നുവെന്ന് സതീദേവി പറഞ്ഞു. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണ്. കേരളത്തിലെ പോലീസ് സംവിധാനം ഏറ്റവും മെച്ചപ്പെട്ടതും കൃത്യവുമായ രൂപത്തില്‍ ഇത്തരം ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ കേസില്‍ പോലീസ് സേനയ്ക്ക് അപമാനം വരുത്തി വച്ച പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍നിന്നു മാറ്റിയതായി മനസിലാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളത്. കുറ്റമറ്റതും ചിട്ടയായ രീതിയിലുമുള്ള അന്വേഷണം നടക്കണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളിലാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. ഭര്‍ത്തൃഗൃഹത്തില്‍നിന്ന് പീഡനം ഏല്‍ക്കുന്നത് സര്‍വംസഹകളായി സ്ത്രീകള്‍ സഹിക്കണമെന്ന സമൂഹത്തിന്റെ മനോഭാവം മാറണം. പോലീസ് സേനയ്ക്ക് നിയമങ്ങളെ കുറിച്ചും നിയമനടപടികളെ കുറിച്ചും നല്ല അവബോധം ഉണ്ടാകണം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കേണ്ടത് എങ്ങനെ, കേസ് അന്വേഷിക്കേണ്ടത് എങ്ങനെ എന്നിവ സംബന്ധിച്ച്‌ കൃത്യമായ ധാരണ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് പോലീസ് ട്രെയിനിംഗ് സംവിധാനം ശക്തമാക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. വിദ്യാസമ്ബന്നരായ പെണ്‍കുട്ടികള്‍ക്ക് ഈ തരത്തില്‍ പീഡനം ഏല്‍ക്കേണ്ടി വരുന്നു എന്നുള്ളത് കേരളീയ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. കെട്ടുകണക്കിന് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു വേണം പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ എന്ന ധാരണ സമൂഹത്തില്‍ ഉണ്ടാകുന്നത് അപമാനകരമാണ്. ഇടത്തരം കുടുംബങ്ങളിലാണ് ഇത്തരത്തില്‍ ഭാരിച്ച സ്വര്‍ണവും പണവും നല്‍കി വിവാഹങ്ങള്‍ നടക്കുന്നത്.

സ്വര്‍ണവും പണവുമൊക്കെ കൊടുത്ത് വിവാഹം നടത്തിയ ശേഷം അടുക്കള കാണല്‍ ചടങ്ങിന്റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുപോയി കൊടുക്കുന്ന സ്ഥിതിയുണ്ട്. ഇതൊക്കെ കേരളീയ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. പെണ്‍കുട്ടികളെ കേവലം ശരീരം മാത്രമായി കാണുകയും അവരുടെ വ്യക്തിത്വമോ, വിദ്യാഭ്യാസമോ ഒന്നും അംഗീകരിക്കാത്ത സമൂഹത്തിന്റെ വികലമായ മനസിനു നേരേ നല്ല രൂപത്തിലുള്ള പ്രതികരണം ഉയര്‍ത്താന്‍ പൊതുസമൂഹം മുന്നോട്ടു വരണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീധന സമ്ബ്രദായത്തിന് എതിരായി 1961ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നെങ്കിലും പാരിതോഷികമെന്ന പേരില്‍ സ്ത്രീധനം ഇപ്പോഴും നല്‍കി വരുകയാണ്. സ്ത്രീധനം എന്ന പേരില്‍ അല്ല, രക്ഷിതാവിന്റെ സ്‌നേഹവാല്‍സല്യമായി സമ്മാനമായാണ് പാരിതോഷികം നല്‍കി വരുന്നത്. പാരിതോഷികങ്ങള്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് നിയമം. ഇതുമൂലമാണ് നിയമം ദുര്‍ബലമായി പോകുന്നത്. ഈ സാഹചര്യത്തില്‍ നിയമത്തില്‍ തന്നെ ആവശ്യമായ ഭേദഗതി വരുത്തണം. കേന്ദ്ര സര്‍ക്കാരാണ് ഭേദഗതി നടപടി എടുക്കേണ്ടത്. ആവശ്യമായ ചട്ടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭര്‍ത്തൃപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും വനിതാ കമ്മിഷന്‍ നല്‍കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Hot Topics

Related Articles