സര്‍ക്കാര്‍ വാഗ്ദാനം പാഴ്‍വാക്കായി; ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാര്‍ജ്ജില്ലെന്ന് അധികൃതര്‍; രാജീവിന് ദുരിതം

കുമളി : ഇടുക്കിയിലെ കുമളിക്കടുത്ത് സ്പ്രിംഗ് വാലിയില്‍ കാട്ടുപോത്ത് അക്രമണത്തില്‍ പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വനംമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തി പീരുമേട് എംഎല്‍എയാണ് ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പു നല്‍കിയത്. കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവ് എട്ടു ലക്ഷത്തിലധികമായി.

എന്നാല്‍ വനംവകുപ്പ് അടച്ചത് ഒരു ലക്ഷം രൂപ മാത്രം. ബാക്കി തുക അനുവദിക്കാൻ സർക്കാർ ഉത്തരവ് വേണം. പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം. ഇതിനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. സർക്കാർ പണം അടക്കുമെന്ന് രേഖമൂലമുള്ള ഉറപ്പ് നല്‍കണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം പോലും നടപ്പായിട്ടില്ല. അതിനാല്‍ പണമടക്കാതെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും. പ്രായമായ അമ്മയും ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു കർഷകനായ രാജീവൻ.ആശുപത്രിയില്‍ നിന്നും തിരികെയെത്തിയാല്‍ പോലും മാസങ്ങളോളം പണിയെടുക്കാൻ കഴിയില്ലെന്ന ദുരവസ്ഥയിലാണ് രാജീവൻ.

Hot Topics

Related Articles