ഇന്ത്യൻ സ്പിന്നിൽ ലങ്കൻ ചാരം..! ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കറങ്ങി വീണ് ശ്രീലങ്ക

കൊളംബോ: ചെറിയ സ്‌കോർ പടുത്തുയർത്തിയ ഇന്ത്യൻ ബാറ്റർമാരെ വീഴ്ത്തിയ അതേ സ്പിൻ കെണിയിൽ ലങ്കയെ വീഴ്ത്തി ഏഷ്യാക്കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. 41 റണ്ണിനാണ് ഇന്ത്യൻ വിജയം. കഴിഞ്ഞ കളിയിൽ പാക്കിസ്ഥാനെതിരെ മുന്നൂറിന് മുകളിലുള്ള സ്‌കോർ സ്വ്ന്തമാക്കിയ ടീം ഇന്ത്യ ഇന്ന് കഷ്ടിച്ച് ഇരുനൂറ് കടക്കുകയായിരുന്നു.
സ്‌കോർ
ഇന്ത്യ – 213
ശ്രീലങ്ക – 172

ടോസ് നേടിയ ഇന്ത്യ കൊളംബോയിലെ പിച്ചിൽ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ്മയും, സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് നൽകിയത്. സ്‌കോർ 80 ൽ നിൽക്കെ വെല്ലാൽഗേ ഇന്ത്യയെ ഞെട്ടിച്ചു. ആദ്യം ഗിൽ 19 റണ്ണുമായി ക്ലീൻ ബൗൾഡ്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി അടിച്ച് ഫോമിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന കോഹ്ലിയായിരുന്നു തൊട്ടടുത്ത ഇര. 12 പന്തിൽ നിന്നും മൂന്ന് റണ്ണെടുത്ത കോഹ്ലിയെ ശനങ്കയുടെ കയ്യിൽ എത്തിച്ചപ്പോൾ ഇന്ത്യൻ സ്‌കോർ 90. 91 ൽ രോഹിത്തിനെ (50) ക്ലീൻ ബൗൾ ചെയ്ത് വെല്ലാൽഗേ അപകട സൂചന നൽകി. കെ.എൽ രാഹുലും (39), കിഷാനും (33) ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുമെന്ന സൂചന നൽകിയപ്പോൾ വീണ്ടും വെല്ലാൽഗേ എത്തി. റിട്ടേൺ ക്യാച്ചിലൂടെ രാഹുൽ പുറത്ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

145 ൽ വീണ രാഹുലിന് പിന്നാലെ 170 ൽ ഇഷാൻ കിഷനും വീണതോടെ ഇന്ത്യയുടെ സമ്മർദമത്രയും പാണ്ഡ്യയുടെ തലയിലായി. അഞ്ച് റണ്ണെടുത്ത പാണ്ഡ്യയും നാല് റണ്ണെടുത്ത ജഡേജയും വെല്ലാൽഗേയ്ക്കും അസലങ്കയ്ക്കും പിടി നൽകി മടങ്ങിയതോടെ ഇന്ത്യ 200 പോലും കടക്കില്ലെന്ന് തോന്നിപ്പിച്ചു. എന്നാൽ, അക്‌സർ പട്ടേൽ (26) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീം സ്‌കോർ 200 കടത്തിയത്. ഇതോടെ ഇന്ത്യയ്ക്ക് ചെറുതെങ്കിലും തീർത്തും ദുർബലമല്ലാത്ത സ്‌കോറിൽ എത്താനായി.

മറുപടി ബാറ്റിംങ് ആരംഭിച്ച ശ്രീലങ്ക ഒരു ഘട്ടത്തിൽ 25 ന് മൂന്ന് എന്ന നിലയിൽ തകർന്നു. മെൻഡിസും, സമരവീരയും ചേർന്ന് സ്‌കോർ പൊരുതി മുന്നേറുന്നതിനിടെ ഇന്ത്യൻ ബൗളർമാർ വീണ്ടും ആഞ്ഞടിച്ചു. സ്‌കോർ 100 കടക്കും മുൻ ആറ് വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ പിഴുതെറിഞ്ഞത്. എന്നാൽ, ഏഴാം വിക്കറ്റിൽ ഡിസിൽവയും (41), വെല്ലാൽഗേ (42) ചേർന്ന് ഇന്ത്യയ്ക്ക് മുന്നിൽ പ്രതിരോധക്കോട്ട തീർത്തു. ഒരു ഘട്ടത്തിൽ വിജയം പോലും ഇന്ത്യയിൽ നിന്ന് ഇരുവരും തട്ടിയെടുക്കുമെന്നു വരെ സംശയിച്ചു. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ പിഴുതെറിഞ്ഞ ടീം ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് നാലും, ജഡേജയും ബുംറയും രണ്ടും വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ, പാണ്ഡ്യയും സിറാജും ഓരോ വിക്കറ്റ് വീഴ്ത്തി. ലങ്കൻ ബൗളർമാരിൽ വെല്ലാൽഗേ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ, അസലങ്ക നാലും തീക്ഷണ ഒരു വിക്കറ്റും നേടി.

Hot Topics

Related Articles