ജയ്സ്വാൾ വേണ്ട ഇന്ത്യ ഓപ്പണറായി റുതുരാജിനെ പരിഗണിക്കണം ; ചെന്നൈ ക്യാപ്റ്റന് വേണ്ടി വാദിച്ച് ആരാധകർ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ് നായകന്‍ റുതുരാജ് ഗെയ്ക് വാദ്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 98 റണ്‍സാണ് റുതുരാജ് നേടിയത്. 54 പന്ത് നേരിട്ട് 10 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് റുതുവിന്റെ ഗംഭീര പ്രകടനം. 181.48 സ്‌ട്രൈക്ക് റേറ്റിലാണ് ഓപ്പണര്‍ കസറിയത്. നായകന്റെ സമ്മര്‍ദ്ദമില്ലാതെ സിഎസ്‌കെയെ മുന്നില്‍ നിന്ന് നയിക്കാന്‍ റുതുരാജിന് സാധിക്കുന്നു.

9 മത്സരത്തില്‍ നിന്ന് 447 റണ്‍സടിച്ച താരം 1 സെഞ്ച്വറിയും 3 അര്‍ധ സെഞ്ച്വറികളും നേടി. 149.49 സ്‌ട്രൈക്ക് റേറ്റിലാണ് റുതുരാജിന്റെ പ്രകടനം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ റുതുരാജിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. ഞെട്ടിക്കുന്ന സ്ഥിരതയോടെ കളിക്കാന്‍ റുതുരാജിന് സാധിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പിലെ സാധ്യതാ ടീമില്‍ റുതുരാജിന്റെ പേര് ആരും പരിഗണിക്കുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനായിട്ടും ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര പരിഗണന റുതുരാജിന് ലഭിക്കുന്നില്ല. യശ്വസി ജയ്‌സ്വാളിനെക്കാളും വിശ്വസ്തനായ ഓപ്പണറാണ് റുതുരാജെന്നാണ് ആരാധകര്‍ പറയുന്നത്. ഓപ്പണറായി ഇറങ്ങി അവസാനം വരെ ബാറ്റ് ചെയ്യാന്‍ റുതുരാജിന് കഴിവുണ്ട്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ കളിക്കാന്‍ നായകസ്ഥാനത്തിരുന്നിട്ടും റുതുരാജിന് സാധിക്കുന്നുണ്ട്. ഹൈദരാബാദിനെതിരേ വേണമെങ്കില്‍ സിംഗിളുകളെടുത്ത് സെഞ്ച്വറി നേടാന്‍ റുതുരാജിന് ശ്രമിക്കാമായിരുന്നു.

എന്നാല്‍ റുതുരാജ് സിക്‌സറിന് ശ്രമിച്ചാണ് പുറത്തായത്. ടീമിന് പ്രാധാന്യം കൊടുക്കുന്ന താരമാണ് റുതുരാജെന്നാണ് ആരാധകര്‍ പറയുന്നത്. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് റുതുരാജ്. അനായാസം സിക്‌സുകള്‍ നേടാനും കഴിവുണ്ട്. ശുബ്മാന്‍ ഗില്ലിനെ ടീമിലെടുത്തില്ലെങ്കിലും കുഴപ്പമില്ലെന്നും റുതുരാജ് ടീമില്‍ വേണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ടി20 ലോകകപ്പില്‍ റുതുരാജിന് അവസരം നിഷേധിച്ചാല്‍ അത് അനീതിയാണെന്നാണ് ആരാധക പക്ഷം.

ഇന്ത്യക്കായി ടി20 കളിച്ചപ്പോള്‍ ഭേദപ്പെട്ട പ്രകടനം താരം നടത്തിയിട്ടുണ്ട്. വലിയ ടൂര്‍ണമെന്റുകളിലും ശാന്തതയോടെ കളിക്കാന്‍ റുതുരാജിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ റുതുരാജിന് ലോകകപ്പ് ടീമില്‍ ഇടം നല്‍കണമെന്നാണ് ആരാധകര്‍ വാദിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ താരങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഓപ്പണര്‍ റോള്‍ മുതല്‍ സ്പിന്നര്‍ റോള്‍വരെ സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്.

ഹൈദരാബാദിനെതിരേ സിഎസ്‌കെ മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തിയത്. 3 വിക്കറ്റിന് 212 റണ്‍സാണ് സിഎസ്‌കെ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയുടെ തുടക്കം മോശമായിരുന്നു. അജിന്‍ക്യ രഹാനെ 12 പന്തില്‍ 9 റണ്‍സുമായി പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റിലെ ഡാരില്‍ മിച്ചല്‍, റുതുരാജ് കൂട്ടുകെട്ടാണ് സിഎസ്‌കെയ്ക്ക് അടിത്തറ പാകിയത്. 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പിറന്നത്.32 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 52 റണ്‍സടിച്ച മിച്ചലിനെ ജയദേവ് ഉനദ്ഘട്ട് പുറത്താക്കുകയായിരുന്നു. ശിവം ദുബെ തകര്‍പ്പന്‍ ഫിനിഷിങ്ങാണ് നടത്തിയത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ദുബെ സ്ഥാനം ഉറപ്പിച്ചുവെന്ന് തന്നെ പറയാം. ദുബെ 20 പന്തില്‍ 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സോടെ പുറത്താവാതെ നിന്നു. എംഎസ് ധോണി 2 പന്തില്‍ 5 റണ്‍സാണ് നേടിയത്. നിലവിലെ ചാമ്ബ്യന്മാരായ സിഎസ്‌കെ ഇത്തവണയും കപ്പിലേക്കെത്തുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. 

Hot Topics

Related Articles