ലോക്‌സഭാ തിരഞ്ഞെടുപ്പ് :ആദ്യ രണ്ട് ഘട്ടങ്ങളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി സെഞ്ച്വറി നേടി : അമിത് ഷാ 

ഉത്തർപ്രദേശ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ സെഞ്ച്വറി നേടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടിലെ വോട്ടെടുപ്പ് ഏപ്രിൽ 19, 26 തീയതികളിലായിട്ടാണ് നടന്നത്. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സംഘടിപ്പിച്ച ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

രണ്ട് ഘട്ടങ്ങൾ പിന്നിടുമ്പോഴും രണ്ട് രാജകുമാരന്മാരുടെയും അക്കൗണ്ടുകൾ ഇതുവരെ തുറന്നിട്ടില്ല. രാജ്യത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുളള തിരഞ്ഞെടുപ്പാണിത്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രാമക്ഷേത്ര നിർമാണം വൈകിപ്പിച്ചപ്പോൾ അഞ്ച് വർഷം കൊണ്ടാണ് ബിജെപി അത് ചെയ്തതെന്നും ഷാ പറഞ്ഞു. വോട്ട് ബാങ്കിനെ ഭയന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും രാമക്ഷേത്രത്തിൽ പോകാത്തതെന്നും ഷാ പരിഹസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും രാമക്ഷേത്രം പണിതവർക്കും ഇടയിലാണ് ഈ തിരഞ്ഞെടുപ്പ്. ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പറഞ്ഞിട്ടും ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തു. ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ രാഹുൽ ബാബ പറഞ്ഞത് ചോര പുഴ ഒഴുകുമെന്നാണ്. പക്ഷേ മോദിയുടെ ഭരണമായത് കൊണ്ട് ഒരു ഉരുളൻ കല്ല് പോലും അനങ്ങിയില്ല. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നത് തുടരും. സ്വജനപക്ഷപാതം പരാജയപ്പെടുത്തി മോദിയെ വിജയിപ്പിക്കണമെന്നും ഷാ പറഞ്ഞു. മോദി 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയിൽ നിന്ന് കരകയറ്റിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പ്രതിപക്ഷം പിന്നാക്കക്കാരെക്കുറിച്ചാണ് സംസാരിക്കുന്നത്. കല്യാണ് സിംഗ് മരിച്ചപ്പോൾ ഈ പറഞ്ഞവരാരും അദ്ദേഹത്തെ കാണാൻ പോയില്ല. പക്ഷേ മുഖ്താർ അൻസാരിയുടെ വീട്ടിൽ പോയെന്നും ഷാ കുറ്റപ്പെടുത്തി.

Hot Topics

Related Articles