പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് ക്ഷണമില്ല. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാകുന്ന കെ. കൃഷ്ണൻകുട്ടിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാവുകയാണ്.വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം മുഖാന്തിരമാണ് കിഫ് ഇന്‍ഡ് സമ്മിറ്റ്-2025 സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ വ്യവസായ മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. മന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്ന് കൃഷ്ണൻകുട്ടിയുടെ ഓഫീസും സ്ഥിരീകരിച്ചു.കഞ്ചിക്കോട് ഇ.കെ. നായനാർ കൺവെൻഷൻ സെന്ററിലാണു പരിപാടി.
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രൂപം കൊള്ളുന്ന കഞ്ചിക്കോട് വ്യവസായ സ്മാർട്ട് നഗരം കേന്ദ്രീകരിച്ചാണ് സമ്മേളനം. വ്യവസായ പ്രമുഖരും സംരംഭകരും നയരൂപീകരണ വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ വ്യവസായ വികസന സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ നടക്കും.വ്യവസായ മന്ത്രി പി. രാജീവ് ‘കേരളത്തിലെ വ്യവസായ വിപ്ലവം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. എം.ബി. രാജേഷ് ‘സംരംഭക സൗഹൃദ അന്തരീക്ഷം: കേരളത്തിലെ വ്യവസായ രംഗത്ത് സർക്കാർ നടപ്പാക്കിയ പുരോഗമനപരമായ പരിഷ്കാരങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കും.വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപരേഖയും അത് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളും വിശദീകരിക്കും.