വയനാട്: ഒരുകാലത്ത് ഗ്രാമീണ വീടുകളുടെ പിന്നാമ്പുറങ്ങളിൽ പാഴായി വീണുനശിച്ചിരുന്ന ചക്കയെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയതാണ് ‘വയനാടൻസ്’. ഐടി മേഖലയിൽ തുടക്കം കുറിച്ച യുവ എൻജിനീയർമാർ ചേർന്നാണ് ‘വയനാടൻസ്’ സ്ഥാപിക്കുകയും ഇന്ന് വിദേശ വിപണിയിൽ വിജയകരമായി ചുവടുറപ്പിക്കുകയും ചെയ്തത്.2016-ൽ സഹോദരങ്ങളായ ജിതിൻകാന്തും നിതിൻകാന്തും സുഹൃത്തുക്കളും ചേർന്ന് ‘ഓറാക്സിസ്’ എന്ന ഐടി കമ്പനി സ്ഥാപിച്ച് യാത്ര ആരംഭിച്ചു. വെബ് ഡെവലപ്മെന്റിലും ഓൺലൈൻ മാർക്കറ്റിങിലും നേടിയ പരിചയം പിന്നീട് ഭക്ഷ്യസംരംഭത്തിലേക്കുള്ള വഴികാട്ടിയായി. ആരോഗ്യകരമായ സ്നാക്സ് തയ്യാറാക്കുക എന്ന ആശയത്തിലാണ് ചക്ക വാക്വം ഫ്രൈഡ് ചിപ്സ് രൂപംകൊണ്ടത്.
ആദ്യകാലത്ത് സൗജന്യമായി ലഭിച്ചിരുന്ന ചക്ക പിന്നീട് കിലോയ്ക്ക് 25 രൂപ നൽകി ശേഖരിച്ചു. പരീക്ഷണങ്ങളും പരാജയങ്ങളും മറികടന്ന് 18 ഉൽപ്പന്നങ്ങൾ വാക്വം ഫ്രൈ ചെയ്താണ് വിപണിയിലെത്തിച്ചത്. ചക്കയുടെ സാധ്യത തിരിച്ചറിഞ്ഞ ഇവർ ഫുഡ് ഇന്നോവേഷൻ വിഭാഗത്തിൽ നിന്നു 20 ലക്ഷം രൂപയുടെ ഗ്രാന്റും നേടി.’വിദേശ വിപണിയിലേക്കുള്ള ചുവടുവെപ്പ്’ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിക്കാത്ത സാഹചര്യത്തിൽ വിദേശ വിപണി ലക്ഷ്യമാക്കി. ഖത്തറിലേക്കാണ് ആദ്യ കയറ്റുമതി. കോവിഡ് കാലഘട്ടത്തിൽ ചക്കയുടെ ആവശ്യകത കൂടിയതോടെ ‘വയനാടൻസ്’ കൂടുതൽ വളർച്ച കൈവരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തായ്‌ലൻഡ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിലെ ബ്രാൻഡുകളോട് മത്സരിക്കാൻ ‘വയനാടൻസ്’ സ്വന്തം ‘വിയറ്റ്നാം എർലി’ പ്ലാവുകൾ നട്ടുപിടിപ്പിച്ചു. സംസ്ഥാനത്തുടനീളം ലക്ഷത്തോളം തൈകൾ വിതരണം ചെയ്തും കർഷകരെ പ്രോത്സാഹിപ്പിച്ചും ചക്ക വിപ്ലവം സൃഷ്ടിക്കാനായി.’ചക്കയ്ക്കൊരു പുതുയുഗം’ചക്ക ഉൽപ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനായി ഗവേഷണവും പുതിയ പാക്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വിദേശ വിപണിയിലേക്ക് വ്യാപകമായി എത്തിക്കാനായി. ഇന്ന് പല രാജ്യങ്ങളിലെ എയർപോർട്ടുകളിലും ‘വയനാടൻസ്’ വാക്വം ഫ്രൈഡ് ചിപ്സ് ലഭ്യമാണ്.
കേരളത്തിന്റെ ഔദ്യോഗികഫലമായ ചക്കയ്ക്കു ലോകവ്യാപകമായ വിപണി കണ്ടെത്താൻ സാധിച്ചതിന്റെ മികച്ച ഉദാഹരണമാണ് ‘വയനാടൻസ്’. ഐടി രംഗത്ത് നിന്ന് കാർഷിക വ്യവസായത്തിലേക്ക് എത്തിയ യുവ എൻജിനീയർമാർ ഇപ്പോൾ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഇന്റർനാഷണൽ മാർക്കറ്റിങ്, ഗ്രേഡിങ് തുടങ്ങിയ മേഖലകളിൽ കൂടി വിപുലമായ സാധ്യതകൾ തേടുകയാണ്.