കോട്ടയം : അടിയും ഇടിയും ഒന്നും ഇവിടെ പുത്തരിയല്ല. ഈ കുടുംബം വേറെ ലെവൽ ആണ്. വെറുതെ മുട്ടാൻ നിൽക്കണ്ട ഈ കരാട്ടെ ഫാമിലിയോട് ഇടിച്ചു നിൽക്കുവാൻ നന്നെ കഷ്ടപ്പെടും നിങ്ങൾ . അച്ഛനും അമ്മയും മൂത്ത മകനും കരാട്ടെ പരിശീലകരായ ഒരു വ്യത്യസ്ത കുടുംബത്തിലേക്കാണ് ജാഗ്രത ന്യൂസ് ലൈവ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
കൂരോപ്പട സ്വദേശികളായ രതീഷും ഭാര്യ സോണിയയും മൂത്തമകൻ ആദിലുമാണ് കരാട്ടെയിൽ പുതിയ വിസ്മയങ്ങൾ തീർത്ത് വ്യത്യസ്തരാവുന്നത്. വിവാഹത്തോടെയാണ് രതീഷിന്റെ കരാട്ടെ താല്പര്യം ഭാര്യ സോണിയിലേക്കും പകർന്ന് കിട്ടുന്നത്. ഭർത്താവിൻറെ താൽപര്യത്തെ പിന്തുണച്ച ഉത്തമയായ ഭാര്യ കരാട്ടയുടെ പാത തന്നെ പിന്തുടർന്നു. ഇന്ന് നിരവധി അനവധി കരാട്ടെ ക്ലാസുകളുടെ അധ്യാപകരാണ് ഇരുവരും . വിവാഹ ജീവിതത്തില്‍ കൂടുതൽ സന്തോഷം പകർന്നു പുതിയ അതിഥി എത്തിയപ്പോൾ ആദ്യം അവർ ചിന്തിച്ചിരുന്നത് വാത്സല്യങ്ങളുടെ ഒരു ലോകത്തെക്കുറിച്ച് ആയിരുന്നില്ല മറിച്ച് തങ്ങളുടെ കാഴ്ചപ്പാടിനെ തലമുറ കാത്ത് സംരക്ഷിക്കാൻ ഒരു പുതിയ അവകാശിയെയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യമായി ഒരു മകൻ ഉണ്ടായ സന്തോഷത്തിനപ്പുറം കരാട്ടെയിൽ തങ്ങളുടെ പാത പിന്തുടരുവാൻ ഒരു അവകാശി എന്ന സന്തോഷം കൂടിയായിരുന്നു ഇരുവർക്കും . കരാട്ടെ അത്രകണ്ട് സ്നേഹിക്കുന്ന ഇരുവർക്കും ഒപ്പം ചേർന്നു നിന്ന് മുത്ത മകൻ ആദിലും മാതാപിതാക്കളുടെ ഇഷ്ടം സാധ്യമാക്കുവാൻ ഒപ്പം നിന്നു . ഇന്ന് മൂവരും ചേർന്ന് നടത്തുന്ന കരാട്ടെ ക്ലാസുകളിൽ പങ്കെടുക്കുവാൻ ആളുകളുടെ കൂട്ടമാണ് ഇവർക്ക് പിന്നാലെ എത്തുന്നത്. പെൺകുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുവാൻ സോണിയ ഉള്ളപ്പോൾ പുതുതായി കരാട്ടയുടെ പാഠങ്ങൾ പഠിക്കുവാനെത്തുന്ന കുരുന്നുകളെ പരിശീലിപ്പിക്കുവാൻ ആദിലും മുൻപന്തിയിൽ തന്നെയുണ്ട്
ഇതുതന്നെയാണ് ഈ കരാട്ടെ കുടുംബത്തെയും ഇവർ നയിക്കുന്ന ക്ലാസിനെയും വ്യത്യസ്തമാക്കുന്നത് ക്ലാസ്സിൽ പുതുതായി ചേരുവാൻ എത്തുന്ന ആരും ഒന്ന് അതിശയോക്തിയോടുകൂടി നോക്കി നിന്നാൽ കുറ്റം പറയാൻ പറ്റില്ല. എന്തെന്നാൽ മൂന്ന് മക്കളുടെ അമ്മയായ സോണിയ കുരുന്നുകളായ മറ്റ് രണ്ട് കുട്ടികളെയും മാറ്റി നിർത്തിയാണ് തന്റെ കരാട്ടെ പഠിപ്പിക്കൽ നല്ല നിലയിൽ മുന്നോട്ട് കൊണ്ടു പോകുന്നത്. നടക്കുവാൻ പഠിച്ച രണ്ടാമത്തെ മകനും ഇഴഞ്ഞു തുടങ്ങിയ മൂന്നാമത്തെ മകനെയും ചേർത്തുനിർത്തിയാണ് ഈ ദമ്പതികൾ ക്ലാസുകൾ കൃത്യമായി നയിച്ചു പുതുതലമുറയ്ക്ക് കരാട്ടെയുടെ പുതിയ പാഠങ്ങൾ പകരുന്നത്
പെൺകുട്ടികൾ ഉൾപ്പെടെ നിരവധി അനവധി വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിലായി ഇവർക്ക് ശിഷ്യന്മാരായി ഉണ്ട് . ഈ കുടുംബത്തിൻറെ കരാട്ടെയോടുള്ള താല്പര്യം തന്നെയാണ് തങ്ങളുടെ മക്കളെ ഇവിടെ അയക്കുവാൻ മറ്റു രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതും. ഇളയ മകൻ തൊട്ടിലിൽ ഉറങ്ങുമ്പോഴും തൻറെ മുന്നിലെ വിദ്യാർത്ഥിക്ക് പാഠങ്ങൾ പകർന്നു നൽകുവാൻ ആ അമ്മയ്ക്ക് തെല്ലും മടിയില്ല. വിവാഹശേഷം ഭർത്താവിൻറെ പാത പിന്തുടർന്ന സോണിയയും ഇന്ന് കരാട്ടയുടെ പല പടവുകളും താണ്ടി എന്നത് തന്നെയാണ് സത്യം. മകൻ ആദിലാകട്ടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തൻറെ മികവ് തെളിയിക്കുക കൂടി ചെയ്തിട്ടുണ്ട്. കൂടുതൽ ഉയർന്ന തലങ്ങളിൽ മത്സരിച്ച് ഇന്ത്യയെ ആകെ തന്നെ പ്രതിനിധീകരിക്കുക എന്നതാണ് ഈ കൊച്ചു മിടുക്കന്റെ ആഗ്രഹവും
കരാട്ടയുടെ മട്ടും ഭാവവും മാറിയതനുസരിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന കായികയിനം എന്ന നിലയിലുള്ള പരിശീലനമാണ് രതീഷും ഭാര്യയും മകനും തങ്ങളുടെ കരാട്ടെ ക്ലാസുകളിലൂടെ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നത്.ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ ദോ സെയ്യുക്കായ് ഇന്ത്യയുടെ കീഴിൽ കോട്ടയം സെയ്യൂക്കായ് കരാട്ടേ അക്കാദമിയാണ് ഇവർ നടത്തി വരുന്നത്. നിലവിൽ പാമ്പാടി , കൊടുങ്ങൂർ , ചെന്നാമറ്റം , കോത്തല , മീനടം തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ ക്ലാസുകൾ നടത്തി വരുന്നു. ഇവയ്ക്ക് പുറമേ ആയി പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുള്ള ഈ ദമ്പതികൾ അഭിനയരംഗത്തും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.