‘ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ട്, കേസില്‍ രണ്ട് പേരെ സംശയം’; തുടരന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് ജസ്നയുടെ അച്ഛൻ

പത്തനംതിട്ട : ജസ്ന തിരോധാന കേസില്‍ രണ്ട് പേരെയാണ് സംശയിക്കുന്നതെന്ന് ജസ്നയുടെ അച്ഛൻ ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ് സംശയിക്കുന്നത്. തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. പുനർ അന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ജെയിംസ് പ്രതികരിച്ചു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. പക്ഷേ അന്വേഷണം വഴിതെറ്റിക്കാൻ പല ഘട്ടത്തിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ‌ ജസ്നയുടെ അച്ഛൻ ‌, താൻ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ജസ്ന തിരോധാന കേസില്‍ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജസ്നയുടെ അച്ഛൻ. ജസ്നയുടെ അച്ഛൻ ജയിംസിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സിബിഐ അന്വേഷണത്തില്‍ പരിഗണിക്കാത്ത ചില തെളിവുകള്‍ ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമർപ്പിച്ചിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും ജസ്നക്ക് എന്ത് പറ്റിയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജസ്ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്ന് വരെ പറഞ്ഞാണ് സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് പുതിയ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അച്ഛൻ കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിലാണ് ജെയിംസ് തെളിവുകളും ഹാജരാക്കിയത്. അച്ഛൻ നല്‍കിയ തെളിവുകള്‍ അന്വേഷിച്ചതാണെന്ന് ആദ്യം നിലപാട് എടുത്ത സിബിഐ പുതിയ തെളിവുകള്‍ കൈമാറിയാല്‍ തുടരന്വേഷണത്തിന് തയാറാണെന്ന് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. 2018 മാര്‍ച്ച്‌ 22നാണ് ജസ്നയെ കാണാതായത്. ജസ്ന വീട്ടില്‍ നിന്ന് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുൻപുണ്ടായ രക്തസ്രാവവും തുടര്‍ പരിശോധനകളും ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോകുന്ന സ്ഥലം, കാണാതാകുന്ന ദിവസം ജസ്നയുടെ കയ്യിലുണ്ടായിരുന്ന 60000 രൂപയുടെ ഉറവിടം എന്നിവ സംബന്ധിച്ചെല്ലാമാണ് അച്ഛന്‍ ഉന്നയിക്കുന്ന സംശയങ്ങള്‍. കൂട്ടുകാരില്‍ ചിലരെ സംശയമുണ്ടെന്ന് മാത്രമല്ല, തിരോധാനവുമായി ബന്ധമുള്ള ഒരാളുടെ പേരും അച്ഛന്റെ ഹര്‍ജിയിലുണ്ട്.

Hot Topics

Related Articles