ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിൻ്റെ ഒന്നാം വാർഷികം; മാധ്യമ പ്രവർത്തകർ ജനാധിപത്യത്തിൻ്റെ സംരക്ഷകരും, പൊതു സമൂഹത്തിൻ്റെ തിരുത്തൽ ശക്തികളുമെന്ന്  വി.അജിത് ഐപിഎസ്

മാധ്യമ പ്രവർത്തകർ ജനാധിപത്യത്തിൻ്റെ സംരക്ഷകരും, പൊതു സമൂഹത്തിൻ്റെ തിരുത്തൽ ശക്തികളുമായി വർത്തിക്കുന്നവരാണെന്ന് ജില്ലാ പോലീസ് മേധാവി വി.അജിത് ഐപിഎസ് പറഞ്ഞു.ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിൻ്റെ ഒന്നാം വാർഷികം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പൊതു സമൂഹത്തിൻ്റെ ഉന്നമനനത്തിനായി തൂലിക ചലിപ്പിക്കുമ്പോൾ തന്നെ ഭരണ സംവിധാനത്തിൻ്റെ വിമർശകരായും മാധ്യമ പ്രവർത്തകർ മാറുന്നതാണ് കാണാൻ കഴിയുന്നത്. ദുരന്തമേഖലകളിൽ പോലും ജീവൻ തൃണവൽക്കരിച്ച് മാധ്യമ പ്രവർത്തകർ നടത്തുന്ന സേവനം ഒരു സുരക്ഷയുമില്ലാതെയാണ്. ഒരു ജീവന മാർഗമായി മാധ്യമ പ്രവർത്തനത്തെ കാണുന്ന മാധ്യമ പ്രവർത്തകരെയോ  അവരുടെ കുടുംബത്തെയോ സംരക്ഷിക്കുന്നതിന്    വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാതിരിക്കുമ്പോൾ, മാധ്യമ ഉടമകൾ അവരെ  കരുതാതിരിക്കുമ്പോൾ, അവരുടെ  സംരക്ഷണത്തിനായും ക്ഷേമത്തിനായും ഇത്തരത്തിലുള്ള സഹകരണ സംഘങ്ങൾ പ്രയോജനപ്പെടുമെന്നും പൊലീസ് ചീഫ് പറഞ്ഞു. ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ഐ ജെ യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് മുഖ്യാത്ഥിയായി. സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ, കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡൻ്റ് സക്കറിയ വർഗ്ഗീസ്, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കെ ആർ രവി, കേരളാ കോൺഗ്രസ (എസ്) ജില്ലാ പ്രസിഡൻ്റ് മുണ്ടക്കൽ ശ്രീകുമാർ, വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയാ സെക്രട്ടറി എ.കെ.പ്രസാദ്, കെ ജെ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ, കെ കെ യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.സുജേഷ്, കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി, സഹകരണ സംഘം അടൂർ താലൂക്ക് മുൻ അസിസ്റ്റൻ്റ്റ് രജിസ്ട്രാർ രാജീവ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘം സെക്രട്ടറി ബിനോയ് വിജയൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് ഷാജി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles