പത്തനംതിട്ട: ശബരിമല സ്‌പോട് ബുക്കിംഗ് നിലയ്ക്കല്‍ സെന്ററില്‍ എത്തുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താവുന്നതാണെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. മറ്റു സ്‌പോട് ബുക്കിങ് കേന്ദ്രങ്ങളില്‍ ലഭ്യമായ സ്ലോട്ടുകളിലേക്കു മുന്‍കൂര്‍ ബുക്കിങ് അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ നിയന്ത്രണം പൊലീസില്‍ നിന്നു ദേവസ്വം ബോര്‍ഡിനു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്.
വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ മറ്റു ക്ഷേത്രങ്ങളിലും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലും സ്‌പോട് ബുക്കിങ് അനുവദിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം തേടി. അയല്‍ സംസ്ഥാനങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ വന്‍ ചെലവു വരുമെന്നും നിലയ്ക്കലില്‍ മാത്രമാണ് ഇപ്പോള്‍ പ്രതികരണം ഉള്ളതെന്നും ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടക്കന്‍ ജില്ലകളില്‍ സ്‌പോട് ബുക്കിങ് സൗകര്യം ഇല്ലെന്നു കക്ഷികളിലൊരാള്‍ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനെ കക്ഷിചേര്‍ത്തു.10 കേന്ദ്രങ്ങളില്‍ സ്‌പോട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും നിലയ്ക്കല്‍, എരുമേലി, കുമളി സെന്ററുകള്‍ മാത്രമാണു കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചതെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. ടിസിഎസ് യൂസര്‍ നെയിമും പാസ്വേഡും കൈമാറാത്തതിനാല്‍ മറ്റ് 7 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം നടന്നില്ലെന്നും അറിയിച്ചു.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കു ദര്‍ശനത്തിന് അവസരമൊരുക്കാന്‍ വേണ്ടിയാണു സ്‌പോട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതെന്നു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.